പെരിന്തൽമണ്ണ: കുന്തിപ്പുഴയെ ആശ്രയിച്ച് ജലസേചനം നടത്തിയിരുന്ന ഏലംകുളം രാമൻചാടി ഇറിഗേഷൻ പദ്ധതിയിൽ വെള്ളമില്ലാത്തതിനാൽ ഏക്കർ കണക്കിന് കൃഷി പ്രതിസന്ധിയിൽ. ഇറിഗേഷൻ പദ്ധതിയിൽ വെള്ളം പ്രതീക്ഷിച്ച് കൃഷിയിറക്കിയവരാണ് പ്രതിസന്ധിയിലായത്. മുമ്പില്ലാത്ത വിധത്തിലാണ് പുഴ ഉണങ്ങി വരണ്ടത്. കടുത്ത വേനലിൽ ഉത്ഭവ സ്ഥാനത്ത് കാഞ്ഞിരപ്പുഴ ഡാം ചീർപ്പിട്ട് അടച്ചതോടെ താഴേക്ക് വെള്ളം ഒഴുകാതായി. ഏലംകുളം പഞ്ചായത്തിലെ ഏഴു വാർഡുകളിൽ ശരാശരി 625 ഹെക്ടർ കൃഷി ഭൂമിയിലേക്കായാണ് രാമൻചാടി ഇറിഗേഷൻ പദ്ധതി. 1984 ലാണ് പദ്ധതി ആരംഭിച്ചത്. രാമൻചാടി കയത്തിൽനിന്ന് വെള്ളം കൊണ്ടുപോവാൻ കനാലുകൾ നിർമിച്ചിട്ടുണ്ട്. ഇവക്ക് സമീപം അഞ്ച് ചെറുകിട കുടിവെളള പദ്ധതികൾ നിലവിലുണ്ട്. കനാലിൽ നീരൊഴുക്ക് നിലച്ചതോടെ കുടിവെള്ള പദ്ധതികളിൽ വെള്ളമില്ലാതെ കുടുംബങ്ങളും പ്രതിസന്ധിയിലാണ്.
കയത്തിൽനിന്ന് വെള്ളം പമ്പിങ് നടത്താൻ 125 എച്ച്.പിയുടെ അഞ്ചു മോട്ടോറുകളുണ്ട്. രാത്രി രണ്ടും പകൽ മൂന്നും മോട്ടോറുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ മുകളിൽ നിന്നുള്ള നീരൊഴുക്ക് നിലച്ചതോടെ അതീവ പ്രതിസന്ധിയിലാണ് കർഷകർ. വാഴ, കമുക്, തെങ്ങ്, പഴം, പച്ചക്കറി വിളകൾ എന്നിവയും ഏലംകുളം പഞ്ചായത്തിൽ ശേഷിക്കുന്ന നെൽകൃഷിയും കുന്തിപ്പുഴയിൽ നിന്നുള്ള ജലസേചനം ആശ്രയിച്ചാണ് നടത്തുന്നത്. കൃഷി, റവന്യൂ ഉദ്യോഗസ്ഥർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.