പെരിന്തൽമണ്ണ: റേഷൻ വിതരണ ക്രമത്തിന് വിരുദ്ധമായി പോർട്ടബിലിറ്റിയുടെ മറവിൽ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നതായി റേഷൻ വ്യാപാരി സംയുക്ത കോ ഓഓഡിനേഷൻ കമ്മിറ്റി. ഇക്കാര്യം ചൂണ്ടിക്കാണിച്ച് പെരിന്തൽമണ്ണ താലൂക്ക് സിവിൽ സപ്ലൈസ് ഓഫിസർക്ക് പരാതി നൽകി. റേഷൻ വിതരണത്തിന് മുൻഗണന വിഭാഗത്തിന് (പി.എച്ച്.എച്ച്) വ്യക്തിക്ക് മെയ് മാസത്തിൽ ഒരു കി.ഗ്രാം പച്ചരി, മൂന്നു കി.ഗ്രാം പുഴുങ്ങല്ലരി, എ.എ.വൈ വിഭാഗം കാർഡിന് പത്ത് കി.ഗ്രാം പച്ചരി, 20 കി.ഗ്രാം പുഴുങ്ങല്ലരി, എൻ.പി.എസ് കാർഡിൽ അംഗത്തിന് ഒരു കിഗ്രാം പച്ചരി, ഒരു കി.ഗ്രാം പുഴുങ്ങല്ലരി എന്നിങ്ങനെ നാലു രൂപ നിരക്കിലും സ്പെഷ്യൽ അരിയായി 10.90 രൂപ നിരക്കിൽ നാലു കിഗ്രാം അരിയും ആണ് ക്രമീകരിച്ച് നിശ്ചയിച്ച അളവ്.
എന്നാൽ റേഷൻ കാർഡുടമക്ക് ഏത് കടയിൽ നിന്നും റേഷൻ വാങ്ങാനുള്ള പോർട്ടബിലിറ്റി സൗകര്യം ഉപയോഗപ്പെടുത്തി ചില കടക്കാർ ഇതിന് വിരുദ്ധമായി ഭക്ഷ്യധാന്യങ്ങൾ നൽകുന്നതായാണ് പരാതി. മുൻഗണന കാർഡുകാർക്ക് ആകെ അരിയുടെ പകുതി പച്ചരിയും പകുതി പുഴുങ്ങല്ലരിയും നൽകാനായിരുന്നു നിർദ്ദേശം. മറ്റു കാർഡുകാർക്കും ഇത്തരത്തിൽ നിർദേശങ്ങളുണ്ട്.
പച്ചരിയോ പുഴുങ്ങല്ലരിയോ ആവശ്യമുള്ളത്ര നൽകുകയാണ് ചില റേഷൻ കടകൾ. കാർഡുടമക്ക് അനുവദിച്ച മുഴുവൻ വിഹിതവും നൽകാതിരിക്കുന്നതായും പരാതിയുണ്ട്. കോമ്പോ വിതരണം അനുവദിച്ചതിന്റെ മറവിൽ താലൂക്കിൽ ഒരു റേഷൻ കടയിൽ എ.എ.വൈ കാർഡുകളിൽ 70 കി.ഗ്രാം പച്ചരിയും പി.എച്ച്.എച്ച് കാർഡുകളിൽ 832 കി.ഗ്രാം പച്ചരിയും 276 കി.ഗ്രാം മട്ട അരിയും (സി.എം.ആർ അരി) എൻ.പി.എസ് കാർഡുകളിൽ 413 കി.ഗ്രാം പച്ചരിയും ക്രമീകരണത്തിന് വിരുദ്ധമായി വിതരണം ചെയ്തതായി പരാതിയുന്നയിച്ച റേഷൻകടക്കാർ ചൂണ്ടിക്കാട്ടുന്നു.
സ്റ്റോക്കിൽ ക്രമീകരണം വരുത്താൻ സർക്കാർ നടപ്പാക്കിയ പദ്ധതി ചിലയിടങ്ങളിൽ ദുർവിനിയോഗം ചെയ്യുകയാണെന്നും പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം. പോർട്ടബിലിറ്റി വിതരണത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നെന്ന് ഉറപ്പാക്കണമെന്നും പോളിസി തെറ്റിച്ച് റേഷൻ വിതരണം നടത്തുന്നത് കർശനമായി തടയണമെന്നും പെരിന്തൽമണ്ണ താലൂക്ക് സപ്ലൈ ഓഫിസർക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. ഇ-പോസ് മെഷീൻ പ്രവർത്തനത്തിന് അതത് കടകളിലെ നെറ്റ്വർക്ക് ലഭ്യതക്ക് അനുസരിച്ച് വിവിധ മൊബൈൽ സിംകാർഡ് ലഭ്യമാക്കാൻ നടപടി വേണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.