പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിൽ അസിസ്റ്റന്റ് എൻജിനീയർ നിർവഹണം നടത്തുന്ന പൊതുമരാമത്ത് പദ്ധതികൾ ഏറെയും പൂർത്തിയാക്കാനായില്ലെന്ന് വാർഷിക പദ്ധതി അവലോകനത്തിൽ വിലയിരുത്തി.
എസ്റ്റിമേറ്റ് സംബന്ധിച്ച് സോഫ്റ്റ്വെയർ പരാതികൾ, ഡിജിറ്റൽ എം. ബുക്ക് നടപ്പാക്കിയതിലെ സാങ്കേതിക തകരാറുകൾ എന്നിവയാണ് കാരണങ്ങൾ. പഞ്ചായത്തുകൾ ആസ്തി രജിസ്റ്ററുകൾ ഉൾപ്പെടുത്തി റോഡുകൾ സംബന്ധിച്ച വിവരം നൽകാൻ കാലതാമസം വന്നതും കുടിവെള്ള ഫീസിബിലിറ്റി ലഭ്യമാക്കാനുള്ള കാലതാമസവും മരാമത്ത് പദ്ധതികളെ ബാധിച്ചു.
പഞ്ചായത്തുകളിൽനിന്ന് നിർദേശിക്കപ്പെടുന്ന ജനകീയ പദ്ധതികൾക്ക് ബ്ലോക്ക് പഞ്ചായത്ത് വഴി വേണ്ടത്ര ഫണ്ട് ലഭ്യമല്ലെന്ന പരിമിതി വികസന സെമിനാറിൽ ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി. മുൻവർഷത്തെ പദ്ധതികൾ ട്രഷറി നിയന്ത്രണത്തിൽ കുരുങ്ങി പൂർത്തിയാക്കാൻ പ്രയാസപ്പെടുന്ന സാഹചര്യമാണ് നിർവഹണ ഉദ്യോഗസ്ഥർ ഉയർത്തിയത്. മുൻവർഷങ്ങളിൽ വയോജന ക്ഷേമത്തിന് ആവശ്യകത പരിഗണിക്കാതെ വിതരണം ചെയ്ത കട്ടിലുകൾ ചിലയിടങ്ങളിൽ വെറുതെയിട്ടതായി ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
അതേസമയം വയോജന ക്ഷേമത്തിന് കട്ടിലുകൾ നൽകേണ്ടെന്നും ആരോഗ്യ സുരക്ഷ പദ്ധതികളാണ് നടപ്പാക്കുകയെന്നും ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ച കാര്യം ചർച്ചയിൽ പ്രസിഡന്റ് അഡ്വ.എ.കെ. മുസ്തഫ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.