പെരിന്തൽമണ്ണ: ജനങ്ങളെ രൂക്ഷമായി ബാധിച്ച പെരിന്തൽമണ്ണ, മങ്കട മണ്ഡലങ്ങളിലെ റോഡ് വിഷയത്തോട് സർക്കാറും മരാമത്ത് മന്ത്രിയും പുറംതിരിഞ്ഞതോടെ ഒടുവിൽ യു.ഡി.എഫ് ജനകീയ സമരത്തിന്. മേലാറ്റൂർ മുതൽ പുലാമന്തോൾ വരെ 30 കി.മീ റോഡ് മൂന്നുവർഷം മുമ്പ് പ്രവൃത്തി ഉദ്ഘാടനം നടത്തിയിട്ടും പാതിവഴിയിൽ നിൽക്കുന്നത് ഗതാഗതം ദുസ്സഹമാക്കുകയാണ്. ഇതിനെതിരെ നവംബർ ഒന്നിന് വൈകീട്ട് മൂന്നിന് പുലാമന്തോൾ മുതൽ പെരിന്തൽമണ്ണ വരെ 2000 പേരെ പങ്കെടുപ്പിക്കുന്ന പ്രതിഷേധ മാർച്ച് നടത്തും. സർക്കാറിന്റെ ജനവിരുദ്ധ നിലപാടും പരാജയവും മരാമത്ത് മന്ത്രിയടക്കമുള്ളവരുടെ കഴിവുകേടും ഉയർത്തിയാവും ബഹുജനറാലി. സമരത്തിന് യു.ഡി.എഫാണ് നേതൃത്വം നൽകുന്നതെങ്കിലും പൊതുജനങ്ങളെയും ബസ്, ഒാട്ടോ, ടാക്സി ജീവനക്കാർ, തൊഴിലാളികൾ എന്നിവരെയും പരമാവധി അണി നിരത്തും. റോഡ് തകർച്ചക്ക് സർക്കാറിന്റെയും ജനപ്രതിനിധികളുടെയും അവഗണന ചൂണ്ടിക്കാട്ടി സ്വകാര്യബസുകൾ നവംബർ രണ്ടിന് സൂചന സമരം തീരുമാനിച്ചിട്ടുണ്ട്.
പുറമെ ശനിയാഴ്ച അങ്ങാടിപ്പുറം - വളാഞ്ചേരി റോഡ് പ്രശ്നം ഉയർത്തി കുഴിയടക്കൽ സമരം കൂടിയായതോടെയാണ് പൊടുന്നനെ ഒരുദിവസം മുമ്പ് പെരിന്തൽമണ്ണയിൽ യു.ഡി.എഫ് സമരത്തിനിറങ്ങുന്നത്. റോഡ് പൂർത്തിയാവുന്നത് വരെയാണ് സമരമെന്ന് പെരിന്തൽമണ്ണ മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയും നജീബ് കാന്തപുരം എം.എൽ.എയും വിശദീകരിച്ചു. ബാങ്ക് ഒാഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ യു.ഡി.എഫ് പ്രതിനിധികളായ വി. ബാബുരാജ്, അഡ്വ. എസ്. അബ്ദുൽ സലാം, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ, അരഞ്ഞിക്കൽ ആനന്ദൻ തുടങ്ങിയവർ സംസാരിച്ചു. മങ്കട മണ്ഡലത്തിൽ സമാന സ്വഭാവമുള്ളതാണ് അങ്ങാടിപ്പുറം - വളാഞ്ചേരി റോഡ്. കഴിഞ്ഞ നാലുവർഷമായി തകർന്നുകിടക്കുകയാണ് ഈ റോഡ്. 15 തവണയെങ്കിലും മരാമത്ത് മന്ത്രിയുമായി ഈ റോഡിന് വേണ്ടി എഴുത്തിടപാട് നടത്തിയതായി മഞ്ഞളാംകുഴി അലി എം.എൽ.എ പറയുന്നു. ജനകീയ പ്രശ്നങ്ങൾ സഭയിൽ ഉന്നയിക്കാനല്ലേ എം.എൽ.എ മാർക്ക് കഴിയൂവെന്ന് ഇത് സംബന്ധിച്ച വിമർശനങ്ങൾക്ക് മറുപടിയായി എം.എൽ.എ പറഞ്ഞു. ജനങ്ങളെ സംഘടിപ്പിച്ച് കുഴിയടക്കൽ സമരമാണ് ഇവിടെ നടത്തുക. എടയൂർ പഞ്ചായത്ത് റോഡ് വന്നുചേരുന്നിടത്ത് ശനിയാഴ്ച രാവിലെ പത്തിന് കുഴിയടക്കൽ സമരം തുടങ്ങും.
പെരിന്തൽമണ്ണ: മേലാറ്റൂർ - പുലാമന്തോൾ റോഡും അങ്ങാടിപ്പുറം-വളാഞ്ചേരി റോഡും നാലുവർഷത്തിലേറെയായി ജനങ്ങൾക്ക് തലവേദനയാണെങ്കിലും ജനങ്ങളുടെ വിഷയത്തിൽ രാഷ്ട്രീയ പ്രത്യക്ഷ സമ്മർദമൊന്നും ഉയർന്നിരുന്നില്ല. പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികളാണ് റോഡിൽ. പെരിന്തൽമണ്ണയിലെ ആശുപത്രികളിലേക്ക് എത്തുന്ന രോഗികളും ആംബുലൻസുകളും കുഴിയിൽ ചാടി ദുരിതമനുഭവിക്കുകയാണ്.
മേലാറ്റൂർ - പുലാമന്തോൾ റോഡിന് മുൻ ഇടത് സർക്കാർ ഫണ്ടനുവദിച്ചത് ഒന്നരവർഷം കൊണ്ട് തീർക്കാൻ 2021 സെപ്റ്റംബറിൽ മുഖ്യമന്ത്രി പ്രവൃത്തി ഉദ്ഘാടനം നടത്തിയതാണ്. മൂന്നുവർഷം പിന്നിട്ടിട്ടും പണി പാതിയിൽ. പലവട്ടം വിഷയം നിയമസഭയിലെത്തി. റോഡ് പണി പാതി വഴിയിലിട്ടപ്പോൾ ഒരുതവണ മരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ പെരിന്തൽമണ്ണയിൽ വരുത്തി സ്ഥിതി ബോധ്യപ്പെട്ടുത്തി. കരാറുകാരനെ മാറ്റിയാണെങ്കിലും പണി തീർക്കാൻ ജനപ്രതിനിധികളും പൊതുജനങ്ങളും ആവശ്യപ്പെട്ടിട്ടും കരാറുകാരനെ മാറ്റാൻ മരാമത്ത് വകുപ്പ് മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും തയാറായില്ല. അങ്ങാടിപ്പുറം - വളാഞ്ചേരി റോഡിൽ ആദ്യഘട്ടത്തിൽ 12 കോടിയുടെ എസ്റ്റിമേറ്റുണ്ടാക്കി നൽകിയപ്പോൾ കുഴിയടക്കാൻ 60 ലക്ഷം നൽകി. പിന്നീട് റോഡ് കുഴിയടച്ച് ബി.എം.ആൻഡ് ബി.സി പ്രവൃത്തി നടത്താൻ 18 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കി ഫണ്ട് തേടി. അവഗണിച്ചപ്പോൾ യു.ഡി.എഫ് ആദ്യഘട്ട സമരവും നടത്തി. പുറകെ മൂന്നുകോടി ലഭിച്ചു. ഇതു കൊണ്ടൊന്നും റോഡ് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അടുത്തിടെ അഞ്ചു കോടി രൂപ കൂടി അനുവദിച്ചു.
എന്നാൽ ഈ റോഡ് പാടേ കുഴി നിറഞ്ഞ് ഇരുചക്ര വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയായിട്ടുണ്ട്. പത്തുകോടി രൂപ ഇനിയും അനുവദിച്ചാലേ പണി നടത്താനാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.