പെരിന്തൽമണ്ണ: പരിയാപുരത്ത് ചരക്കുലോറി താഴ്ചയിലേക്ക് മറിഞ്ഞ് വീണ്ടും അപകടം. ആഗസ്റ്റ് 20ന് ടാങ്കർ മറിഞ്ഞ് ഡീസൽ ചോർന്ന അതേ സ്ഥലത്തുതന്നെയാണ് അപകടം. കൊല്ലത്തുനിന്ന് മഞ്ചേരിയിലേക്ക് ടാർപോളിൻ കൊണ്ടുവരുകയായിരുന്നു. ലോറിയിലെ ഡ്രൈവറടക്കം രണ്ടുപേർക്ക് അപകടത്തിൽ പരിക്കേറ്റു. ഷിബിൻ (25), നിജാദ് (28) എന്നിവർക്കാണ് പരിക്ക്. നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പുലാമന്തോൾ പുളിങ്കാവിൽനിന്ന് തിരിഞ്ഞ് പെരിന്തൽമണ്ണ ടൗണിലെത്താതെ ദേശീയപാതയിൽ പ്രവേശിക്കാനുള്ള എളുപ്പവഴിയാണ് പരായിപുരം -ചിരട്ടാമല റോഡ്. വലിയ കയറ്റം കയറി വരുന്ന വാഹനങ്ങൾക്കു മുന്നിൽ ഉടൻതന്നെ താഴ്ചയും കൊടും വളവുമാണ്. നിയന്ത്രണംവിട്ട് ഏകദേശം 30 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. സമാന രീതിയിലാണ് ആഗസ്റ്റ് 20ന് ഇവിടെ ടാങ്കർ ലോറി മറിഞ്ഞ് 20,000 ലിറ്റർ ഡീസൽ ചോർന്നത്.
ഇന്ധനം കിണറുകളിൽ കലർന്നതിനെ തുടർന്ന് പ്രദേശത്ത് കുടിവെള്ളം മുടങ്ങിയതും കിണറ്റിൽനിന്ന് അഗ്നി ഉയർന്നതുമടക്കം അതിനെ തുടർന്നായിരുന്നു. റോഡിന് സംരക്ഷണ ഭിത്തിയില്ലാത്തതും സിഗ്നൽ ബോർഡുകൾ സ്ഥാപിക്കാത്തതുമാണ് തുടരെ അപകടങ്ങൾക്ക് കാരണം. എന്നാൽ, അപകടാവസ്ഥക്ക് സ്ഥിരമായ പരിഹാരം കാണാൻ റോഡിൽ വളവു നിവർത്തുന്നതിന് വേണ്ട നടപടികളാണ് വേണ്ടതെന്നും ഇതിനായി ഭൂമി ഏറ്റെടുത്ത് മരാമത്ത് വകുപ്പ് നടപടികളാരംഭിക്കണമെന്നുമാണ് ആവശ്യം. സമാന രീതിയിൽ മുമ്പും അപകടങ്ങൾ നടന്ന സ്ഥലമാണിത്.
ഇരുചക്ര വാഹനങ്ങളും ചെറുവാഹനങ്ങളം പലവട്ടം അപകടത്തിൽ പെട്ടിട്ടുണ്ടെന്നും ഒരാളുടെ മരണത്തിനിടയാക്കിയ അപകടം നടന്നിട്ടുണ്ടെന്നും പ്രദേശത്തുകാർ പറയുന്നു. വെള്ളിയാഴ്ച അപകടത്തിൽ പെട്ട ചരക്കുലോറിയിലെ ടാർപോളിൻ മറ്റൊരു ലോറി വരുത്തി ചുമട്ടുകാരെ വെച്ച് താഴ്ചയിൽനിന്ന് റോഡിലെത്തിച്ച് കൊണ്ടുപോയി. അപകട സ്ഥലം പെരിന്തൽമണ്ണ ഫാസ്റ്റ്ട്രാക്ക് ജഡ്ജിയുടെ നേതൃത്വത്തിൽ പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.