പെരിന്തൽമണ്ണ: ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബാളിനെ വരവേൽക്കാനായി രാജ്യങ്ങൾ വേറിട്ട ഒരുക്കം നടക്കുമ്പോൾ, മലപ്പുറത്തെ സെവൻസ് ആരവം കടലുതാണ്ടി യു.എ.ഇയിലുമെത്തി. പെരിന്തൽമണ്ണയിൽ അര നൂറ്റാണ്ടായി നടക്കുന്ന കാദറലി സ്മാരക സെവൻസ് ഫുട്ബാളിന് വെള്ളിയാഴ്ച ദുബൈയിൽ പന്തുരുളും. ദുബൈയിലെ മലപ്പുറം ഫുട്ബാൾ കൂട്ടായ്മയുടെ കീഴിൽ കേരള എക്സ്പേർട്ട് ഫുട്ബാൾ അസോസിയേഷന്റെ (കെഫ) സഹകരണത്തോടെ യു.എ.ഇയിൽ 24 പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചുള്ള മത്സരങ്ങൾ വെള്ളി, ശനി ദിവസങ്ങളിൽ നടക്കും.
രണ്ടു ദിവസംകൊണ്ട് 24 ടീമുകൾ മാറ്റുരക്കും. 22, 23 തീയതികളിൽ ദുബൈ മിർഡിഫ് ഇന്റർനാഷനൽ സ്കൂൾ മൈതാനിയിലാണ് മത്സരങ്ങൾ. കേരളത്തിലെ പ്രമുഖ കളിക്കാരും പങ്കെടുക്കും. നാല് ഗ്രൂപ്പുകളാക്കി തിരിച്ച് 20 മിനിറ്റ് വീതമാണ് കളി. ശനി വൈകീട്ട് എട്ടിന് തുടങ്ങി പുലർച്ച രണ്ടോടെ പ്രാഥമിക റൗണ്ടും 23ന് വൈകീട്ട് നാലുമുതൽ ക്വാർട്ടർ, സെമി, ഫൈനൽ മത്സരങ്ങളും നടത്തും. കമ്പനികളുടെ സ്പോൺസർഷിപ്പിലാണ് ടീമുകളിറങ്ങുക. വിജയികൾക്ക് 5000 ദിർഹമും ട്രോഫിയും റണ്ണേഴ്സിന് 3000 ദിർഹമും ട്രോഫിയുമുണ്ടാവും. അടുത്തവർഷവും വിദേശത്ത് കാദറലി സെവൻസ് നടത്തും. ടൂർണമെന്റിൽനിന്നുള്ള വരുമാനം ക്ലബ് പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് ആംബുലൻസ് വാങ്ങുമെന്ന് സെക്രട്ടറി പച്ചീരി ഫാറൂഖ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.