പെരിന്തൽമണ്ണ: വൈദ്യുതി മോഷണത്തിന് 3.12 ലക്ഷം പിഴയടക്കേണ്ടി വന്ന സി.പി.എം നഗരസഭ ഒമ്പതാം വാർഡ് കൗൺസിലർ കിഴക്കെതിൽ സക്കീന സെയ്ത് രാജിവെക്കണമെന്നാവശ്യപ്പെട്ട പ്രമേയത്തെച്ചൊല്ലി പെരിന്തൽമണ്ണ നഗരസഭ കൗൺസിൽ യോഗത്തിൽ ബഹളവും കൈയാങ്കളിയും. വിഷയത്തിൽ യു.ഡി.എഫ് നൽകിയ പ്രമേയം ആദ്യം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടതാണ് ബഹളത്തിനിടയാക്കിയത്. 50 അജണ്ടകൾ ഉള്ള യോഗത്തിൽ അജണ്ട മുഴുവൻ കഴിഞ്ഞശേഷമാണ് പ്രമേയം ചർച്ചക്ക് വെക്കുന്നതായി രേഖപ്പെടുത്തിയത്.
ഇതോടെ കൗൺസിൽ യോഗം തുടങ്ങിയ ഉടൻ അഴിമതിക്കും കുറ്റകൃത്യത്തിനും നഗരസഭ ചെയർമാൻ പി. ഷാജി കൂട്ടുനിൽക്കുകയാണെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷം അംഗം പച്ചീരി ഫാറൂഖ് രംഗത്ത് വന്നു. നഗരസഭ ചെയർമാൻ അഴിമതിക്കാരെ സംരക്ഷിക്കുകയാണെന്നും അദ്ദേഹവും സ്ഥാനമൊഴിയണമെന്നും ആവശ്യപ്പെട്ട് മുദ്രാവാക്യം തുടങ്ങി. ഇതിനിടെ അജണ്ട വായിക്കുന്ന ക്ലർക്കിന്റെ കൈയിൽനിന്ന് പച്ചീരി ഫാറൂഖ് കടലാസ് വാങ്ങി കീറിയെറിഞ്ഞതോടെ സി.പി.എം കൗൺസിലർ സന്തോഷ് ഇരിപ്പിടത്തിൽനിന്ന് ഓടിയെത്തി പച്ചീരി ഫാറൂഖിന്റെ കൈയിൽനിന്ന് ബലംപ്രയോഗിച്ച് മുദ്രാവാക്യം അടങ്ങിയ കടലാസ് തട്ടിപ്പറിച്ചു. ഈ ഘട്ടത്തിൽ ഉന്തും തള്ളും പിടിവലിയും നടന്നു.
സക്കീന സെയ്ത് താമസിക്കുന്ന വീട്ടിലെ വൈദ്യുതീകരണത്തിൽ കൃത്രിമം കാട്ടി വൈദ്യുതി മോഷണം നടത്തുന്നത് കെ.എസ്.ഇ.ബി വിജിലൻസ് വിഭാഗം കണ്ടെത്തിയാണ് ഇവർക്ക് 3.12 ലക്ഷം രൂപ പിഴയിട്ടത്.
ഇത് സത്യപ്രതിജ്ഞ ലംഘനമാണെന്ന് യു.ഡി.എഫ് അംഗങ്ങൾ ചൂണ്ടിക്കാട്ടി. വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുത്ത കേസിൽ വിവിധ ക്രിമിനൽ വകുപ്പുകളിട്ടുള്ള കേസിൽ മുൻകൂർ ജാമ്യത്തിലാണ് സക്കീന സെയ്തെന്നും ജനപ്രതിനിധിയായി തുടരാൻ അർഹയല്ലെന്നും സി.പി.എമ്മാണ് ഇത്തരം ആളുകളെ സംരക്ഷിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. മുദ്രാവാക്യം വിളി തുടർന്നതോടെ അംഗങ്ങളെ സസ്പെൻഡ് ചെയ്തതായി ചെയർമാൻ പി. ഷാജി പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.