പെരിന്തൽമണ്ണ: മെച്ചപ്പെട്ട റോഡും യാത്ര ചെയ്യാൻ ആളുകളുമുണ്ടെങ്കിൽ പുതിയ ബസ് റൂട്ടിന് ഇപ്പോൾ നിർദേശിക്കാം. പെരിന്തൽമണ്ണ താലൂക്കിൽ ഉൾപ്രദേശങ്ങളിലേക്ക് യാത്രാസൗകര്യം ഒരുക്കാനായി സർക്കാർ നിർദേശ ഭാഗമായാണ് ജനപ്രതിനിധികളുടെയും മോട്ടോർവാഹന, പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗം.
23ന് ഉച്ചക്ക് രണ്ടിന് നഗരസഭ കോൺഫറൻസ് ഹാളിലാണ് യോഗം. താലൂക്കിലെ രണ്ട് എം.എൽ.എമാരും തദ്ദേശ സ്ഥാപന അധ്യക്ഷരും പൊതുമരാമത്ത്, പൊലീസ്, തദ്ദേശ വകുപ്പ്, ഉദ്യോഗസ്ഥരും റസിഡന്റ് അസോസിയേഷൻ ഭാരവാഹികളും പൊതുപ്രവർത്തകരും സ്വകാര്യ ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ഭാഗവാഹികളും പങ്കെടുക്കും. 17 വരെ പൊതുജനങ്ങൾക്ക് നിർദേശങ്ങളും ആവശ്യങ്ങളും സമർപ്പിക്കാം.മോട്ടോർവാഹന വകുപ്പിന്റെ രേഖയിൽ ബസ് റൂട്ടുണ്ടെങ്കിലും നിലവിൽ സർവിസ് നടത്താത്ത നിരവധി പരാതികളുണ്ട്.
അക്കാര്യങ്ങളും ചൂണ്ടിക്കാട്ടാം. നിരത്തിൽ യാത്രാബസുകൾ വർധിപ്പിക്കുകയും ഇരുചക്ര വാഹനങ്ങളും കാറുകളും കുറക്കുകയും ചെയ്യാൻ കൂടിയാണിത്.
പെരിന്തൽമണ്ണ സബ് ആർ.ടി.ഒക്കാണ് ആവശ്യങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കേണ്ടത്. പെരിന്തൽമണ്ണ താലൂക്കിലെ ഉൾപ്രദേശങ്ങൾ വഴി നേരത്തെ സർവിസ് നടത്തിയിരുന്ന റൂട്ടുകളും അവയുടെ നിലവിലെ സ്ഥിതിയും ചൂണ്ടിക്കാട്ടാം. പുതിയ പെർമിറ്റ് അനുവദിക്കേണ്ടതുണ്ടെങ്കിൽ അക്കാര്യം സർക്കാറിലേക്ക് അറിയിച്ച് നടപടിയുണ്ടാക്കാനാണിത്.
പെരിന്തൽമണ്ണ: ഗതാഗത സംവിധാനവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട രണ്ട് പരാതികളിൽ ഒന്ന് കോവിഡിന് മുമ്പ് നിലവിലുണ്ടായിരുന്ന പെരിന്തൽമണ്ണ-വളാഞ്ചേരി റൂട്ടിലെ കെ.എസ്.ആർ.ടി.സി ബസുകൾ നിർത്തിയതാണ്.
ആവശ്യത്തിന് ബസുകളും യാത്ര ചെയ്യാൻ യാത്രക്കാരുണ്ടായിരിക്കെ അവ പുനഃസ്ഥപിക്കാൻ താലൂക്കിലെ രണ്ട് എം.എൽ.എമാർക്കും വിവിധ സംഘടനകൾ നിരവധി പരാതി നൽകിയതാണ്. വേണ്ട പോലെ ഇവർ ഇടപെട്ടില്ല. പെരിന്തൽമണ്ണയിൽ വന്നുപോകുന്ന ബസ് സർവിസുകളിൽ വലിയ തിരക്കുള്ളതും രാത്രിയായാൽ ഇല്ലാത്തതുമാണ് വളാഞ്ചേരി റൂട്ടിലെ സർവിസ്.
മറ്റൊന്ന് കോഴിക്കോട്-പാലക്കാട് റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസുകൾ പ്രധാന നഗരമായ പെരിന്തൽമണ്ണയിൽ ഒരു സ്റ്റാൻഡിലും കയറുന്നില്ല. മൂന്നു സ്റ്റാൻഡുകളുണ്ടായിട്ടും റോഡ് വക്കിൽ നിന്നാണ് സ്ത്രീകളും കുട്ടികളുമടക്കം ബസിൽ കയറുന്നത്.
ബസ് ഗതാഗതത്തിന് വേണ്ട റോഡ് സൗകര്യം മെച്ചപ്പെടുത്താത്തതാണ് മരാമത്ത് വിഭാഗത്തെ കുറിച്ചുള്ള പരാതി. റോഡിൽ കുഴിയടക്കാൻ വേണ്ടി ദേശീയപാത ഓഫിസ് ഉപരോധിച്ചത് തിങ്കളാഴ്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.