പെരിന്തൽമണ്ണ: ടൗണിൽ മൂന്നാമത് ബസ് സ്റ്റാൻഡ് കൂടി ഉപയോഗപ്പെടുത്തിയുള്ള ഗതാഗത ക്രമീകരണം തിങ്കളാഴ്ച ആരംഭിക്കും. പാലക്കാട് റോഡിലെ മനഴി സ്റ്റാൻഡിൽ നിന്നായിരുന്നു ബസുകൾ പുറപ്പെട്ടിരുന്നത്. പതുതായി നിർമിച്ച മൂസക്കുട്ടി സ്മാരക ബസ് സ്റ്റാൻഡ്, ബൈപാസ് സ്റ്റാൻഡ് എന്നിവ കൂടി ഉൾപ്പെടുത്തിയാണ് പുതിയ ഗതാഗതക്രമം. ടൗണിനോട് ചേർന്ന് നാട്ടുകാർ വിട്ടുനൽകിയ മൂന്നേക്കർ ഭൂമിയിലാണ് പുതിയ മൂസക്കുട്ടി സ്മാരക സ്റ്റാൻഡ്.
പെരിന്തൽമണ്ണ നഗരസഭയുടെ നേതൃത്വത്തിൽ ട്രാഫിക് അഡ്വൈസറി കമ്മിറ്റി നേരേത്ത തയാറാക്കിയ ഗതാഗത ക്രമമാണ് നടപ്പാക്കുന്നത്. ഊട്ടി റോഡ് വഴി പെരിന്തൽമണ്ണ വരെ സർവിസ് നടത്തുന്ന മുഴുവൻ ബസുകളും മാനത്തുമംഗലത്തുനിന്ന് തിരിഞ്ഞ് ബൈപാസ് ബസ് സ്റ്റാൻഡിൽ സർവിസ് അവസാനിപ്പിക്കുകയും ടൗണിൽ പ്രവേശിക്കാതെ അതേ വഴിയിലൂടെ തിരികെ പോവുകയും വേണമെന്നതാണ് പരിഷ്കാരത്തിലെ പ്രത്യേകത. ഊട്ടി റോഡ് വഴി എത്തി തുടർന്നും സർവിസ് നടത്തുന്നവയിൽ മലപ്പുറം, പട്ടാമ്പി ഭാഗങ്ങളിലേക്കുള്ളവ മൂസക്കുട്ടി സ്മാരക ബസ്റ്റാൻഡിലും മണ്ണാർക്കാട് ഭാഗത്തേക്കുള്ളവ മനഴി സ്റ്റാൻഡിലും പ്രവേശിച്ച് സർവിസ് തുടരും.
ഊട്ടി റോഡ് വഴി വരുന്ന കെ.എസ്.ആർ.ടി.സിയും വലിയ ചരക്ക് വാഹനങ്ങളും മാനത്തുമംഗലത്തുനിന്ന് ബൈപാസ് വഴി പാലക്കാട് റോഡിൽ കടന്ന് യാത്ര തുടരണം.
മണ്ണാർക്കാട് ഭാഗത്തുനിന്ന് എത്തുന്നവ ടൗൺ വഴി ബൈപാസ് സ്റ്റാൻഡിലെത്തി അതേ വഴി തന്നെ തിരിച്ചു പോവണം. കെ.എസ്.ആർ.ടി.സി അടക്കം കോഴിക്കോട് ബസുകൾ മനഴി സ്റ്റാൻഡിൽ പ്രവേശിച്ച് മറ്റു സ്റ്റാൻഡുകളിൽ പ്രവേശിക്കാതെ കടന്നുപോവും. മലപ്പുറം, പട്ടാമ്പി ഭാഗങ്ങളിലേക്കുള്ളവ മനഴി സ്റ്റാൻഡിലും കോഴിക്കോട് റോഡ് വഴി വന്ന് മൂസക്കുട്ടി സ്റ്റാൻഡിലും എത്തി ജൂബിലി റോഡ് വഴി യാത്ര തുടരും.
ഊട്ടി റോഡ് ഭാഗത്തേക്കുള്ളവ മനഴി സ്റ്റാൻഡിലും കോഴിക്കോട് റോഡ് വഴി ബൈപാസ് സ്റ്റാൻഡിലും എത്തി യാത്ര തുടരും.
കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന പാലക്കാട്ടേക്കുള്ള കെ.എസ്.ആർ.ടി.സി അടക്കം ബൈപാസ് ബസ് സ്റ്റാൻഡിലെത്തി പൊന്ന്യാകുർശ്ശി ബൈപാസ് വഴി പോവണം. മലപ്പുറം, വളാഞ്ചേരി, കോട്ടക്കൽ റൂട്ടിലെ കെ.എ.ആർ.ടി.സിയും ഇതു തന്നെ ചെയ്യണം. മലപ്പുറം, മഞ്ചേരി, കോട്ടക്കൽ ഭാഗത്തുനിന്നുള്ള കെ.എസ്.ആർ.ടി.സി അല്ലാത്തവ മൂസക്കുട്ടി സ്മാരക സ്റ്റാൻഡിലെത്തി തിരിച്ചുപോവും. മണ്ണാർക്കാട് ഭാഗത്തേക്ക് പോവുന്ന കെ.എസ്.ആർ.ടി.സി അല്ലാത്തവ ബൈപാസ് സ്റ്റാൻഡിലെത്തി തിരിച്ച് അതേ വഴി കോഴിക്കോട് റോഡ് വഴി സർവിസ് തുടരും. ഊട്ടി റോഡിലൂടെ പോവേണ്ടവ ബൈപാസ് സ്റ്റാൻഡിലെത്തി സർവിസ് തുടരും. പട്ടാമ്പി റോഡിലൂടെ പേവേണ്ടവയും മൂസക്കുട്ടി സ്റ്റാൻഡിൽ കയറി ജൂബിലി റോഡ് വഴി പോവും.
പട്ടാമ്പി റോഡിലൂടെ എത്തി പെരിന്തൽമണ്ണയിൽ അവസാനിക്കുന്നവ മൂസക്കുട്ടി സ്റ്റാൻഡിലെത്തും. ഊട്ടി റോഡ് മണ്ണാർക്കാട് റോഡ് എന്നിവയിലൂടെ പോവേണ്ടവയും ബൈപാസ് സ്റ്റാൻഡിൽ കൂടി എത്തി യാത്ര തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.