പെരിന്തൽമണ്ണ: ബൈപാസിൽ ബസ് സ്റ്റാൻഡ് നിർമിക്കാൻ വിട്ടുനൽകിയ സ്ഥലം അതിന് ഉപയോഗിക്കുന്നില്ലെങ്കിൽ തിരികെ വേണമെന്ന് ഉടമ നഗരസഭക്ക് കത്ത് നൽകി. ഭൂമി വിട്ടുനൽകിയ തറയിൽ മുസ്തഫയാണ് നഗരസഭക്ക് കത്ത് നൽകിയത്. ശനിയാഴ്ച ചേർന്ന ഭരണസമിതി യോഗത്തിൽ കത്ത് പ്രാഥമിക ചർച്ചക്ക് വെച്ചു. പെരിന്തൽമണ്ണ നഗരത്തിൽ മുനിസിപ്പൽ ബസ് സ്റ്റാൻഡ് 2005ൽ പൊളിച്ച ഘട്ടത്തിലാണ് ബൈപാസ് റോഡിൽ ഭൂമി വിട്ടു നൽകിയത്. ഇതിൽ ബസ് സ്റ്റാൻഡും കടമുറികളും നിർമിച്ചിട്ടുണ്ട്. ഷോപ്പിങ് കോംപ്ലക്സ് ലേലം നടത്തി നേരത്തെ നഗരസഭക്ക് വരുമാനവും ലഭിച്ചിരുന്നു. ബസുകൾ പ്രവേശിച്ചപ്പോഴൊക്കെ പ്രദേശം വ്യാപാര കേന്ദ്രമായി മാറിയിരുന്നു.
മൂന്നര വർഷം മുമ്പ് നിലവിൽ വന്ന ഗതാഗത പരിഷ്കരണത്തിൽ നിലമ്പൂർ റോഡ് വഴി പെരിന്തൽമണ്ണ ടൗണിൽ പ്രവേശിക്കുന്ന ബസുകളും ഇതിൽ കയറി യാത്രക്കാരെ കയറ്റിയിരുന്നു. എന്നാൽ സാവകാശം ബസുകൾ പ്രവേശിക്കാതായി. നിലവിൽ നഗരത്തോട് ചേർന്ന് മൂസക്കുട്ടി സ്മാരക ബസ് സ്റ്റാൻഡ് തുറന്നതോടെയാണ് ഗതാഗത പരിഷ്കരണം വന്നത്. പെരിന്തൽമണ്ണ വഴി സർവിസ് നടത്തുന്ന പാലക്കാട്-കോഴിക്കോട് ബസുകൾ ഒഴികെ മുഴുവൻ ബസുകളും മൂസക്കുട്ടി സ്റ്റാൻഡിൽ കയറിയിറങ്ങുന്നതാണ് നിലവിലെ രീതി.
പാലക്കാട് റോഡിൽ മനഴി സ്റ്റാൻഡും ബൈപാസിലെ സ്റ്റാൻഡും വെറുതെ കിടക്കുകയാണ്. നഗരസഭക്ക് അപേക്ഷ ലഭിച്ച സ്ഥിതിക്ക് ബൈപാസ് ബസ് സ്റ്റാൻഡിനു ഭൂമി വിട്ടുനൽകിയയാളുമായി ചർച്ച നടത്താൻ കൗൺസിൽ യോഗം തീരുമാനിച്ചു. നഗരസഭ ഭരണസമിതിക്ക് വേണ്ടി നടത്തുന്ന ചർച്ചയിൽ പ്രതിപക്ഷ പ്രതിനിധികളെയും ഉൾപ്പെടുത്തും.
പെരിന്തൽമണ്ണ: മൂന്നു ബസ് സ്റ്റാൻഡുകളുണ്ടായിട്ടും ഒന്നിലും കയറാതെ പെരിന്തൽമണ്ണ വഴി സർവിസ് നടത്തുന്ന ദീർഘദൂര ബസുകൾ. കോഴിക്കോട്-പാലക്കാട് ദേശീയ പാതയിലൂടെ കോഴിക്കോട്ടുനിന്ന് പാലക്കാട്ടേക്കും തിരിച്ചും മിനിറ്റുകൾ ഇടവിട്ട് സ്വകാര്യ ബസുകളും കെ.എസ്.ആർ.സിയും സർവിസ് നടത്തുന്നുണ്ട്. മറ്റു മുഴുവൻ സ്വകാര്യ ബസുകളും കയറിയിറങ്ങുന്ന മൂസക്കുട്ടി ബസ് സ്റ്റാൻഡിൽ ഇവ പ്രവേശിക്കുന്നില്ല. സ്റ്റാൻഡിന് സമീപം സ്റ്റോപ്പുമില്ല. സ്റ്റാൻഡിലേക്ക് പ്രവേശിക്കാനും തിരിച്ചിറങ്ങാനും കൂടുതൽ സമയം വേണ്ടി വരുന്നതിനാലാണ് ഇവയെ ഒഴിവാക്കിയത്. കോഴിക്കോട്ടേക്കും പാലക്കാട്ടേക്കും പോവേണ്ട യാത്രക്കാർ ബുദ്ധിമുട്ടുകയാണ്. അതേസമയം കെ.എസ്.ആർ.ടി.സി ഡിപ്പോ ടൗണിൽ ദേശീയ പാതയോരത്തായതിനാൽ മുനിസിപ്പൽ സ്റ്റാൻഡിൽ കയറാതെയാണ് സർവിസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.