വളാഞ്ചേരി: ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി വളാഞ്ചേരി ടൗണിൽ ബോധവത്കരണത്തിന് തുടക്കമായി. ടൗണിലെ സെൻട്രൽ ജങ്ഷനിൽനിന്ന് പെരിന്തൽമണ്ണ, തൃശൂർ, പട്ടാമ്പി, കോഴിക്കോട് ഭാഗങ്ങളിലേക്കുള്ള റോഡുകളിൽ 100 മീറ്റർ വരെ അനധികൃതമായി പാർക്കിങ് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ നടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി വാഹനങ്ങളിൽ നോ-പാർക്കിങ് സ്റ്റിക്കറുകൾ പതിക്കൽ ആരംഭിച്ചു. ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു.
വളാഞ്ചേരി എസ്.എച്ച്.ഒ ജലീൽ കറുത്തേടത്ത് ബോധവത്കരണം നടത്തി. മജ്ലിസ് ആർട്സ് ആൻറ് സയൻസ് കോളജിലെ എൻ.എസ്.എസ് വിദ്യാർഥികൾ, വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി അംഗങ്ങൾ, ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് അനധികൃതമായി പാർക്കിങ് നടത്തുന്ന വാഹനങ്ങളിൽ സ്റ്റിക്കർ പതിക്കുന്നത്.
ജൂൺ 14 വരെ ബോധവത്കരണം നടത്തുകയും 15 മുതൽ പിഴ അടക്കം നടപടികൾ സ്വീകരിക്കുകയും ചെയ്യും.
വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, സ്ഥിര സമിതി അധ്യക്ഷരായ മുജീബ് വാലാസി, ദീപ്തി ശൈലേഷ്, റൂബി ഖാലിദ്, കൗൺസിലർമാരായ എൻ. നൂർജഹാൻ, തസ്ലീമ നദീർ, ബദരിയ്യ മുനീർ, സുബിത രാജൻ, താഹിറ ഇസ്മായിൽ, എസ്.പി.സി കോഡിനേറ്റർ എം. ലീല എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.