മലപ്പുറം: ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയെക്കുറിച്ച് റിപ്പോർട്ട് തയാറാക്കുന്നതിന് മുമ്പ് കൂടിയാലോചന വേണമെന്ന് മലപ്പുറം ആർ.ഡി.ഡിയോട് ജില്ല പഞ്ചായത്ത് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് സർക്കാർ കത്ത് വന്നാൽ അക്കാര്യം അറിയിക്കണമെന്ന് മലപ്പുറം ആർ.ഡി.ഡി ഡോ. പി.എം. അനിലിനോട് ആവശ്യപ്പെട്ടതായി പ്രസിഡന്റ് എം.കെ. റഫീഖ പറഞ്ഞു. ജില്ല പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ജില്ലയിലെ പ്ലസ് വൺ സീറ്റ് കുറവ് പരിഹരിക്കുന്നതിന് സർക്കാർ നിയോഗിച്ച രണ്ടംഗ സമിതിയിൽ അംഗമാണ് ഡോ. പി.എം. അനിൽ. ജൂലൈ അഞ്ചിനകം റിപ്പോർട്ട് തയാറാക്കി സമർപ്പിക്കാനാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രണ്ടംഗ സമിതിക്ക് നിർദേശം നൽകിയിരിക്കുന്നത്. മൂന്നാം അലോട്ട്മെന്റ് കഴിഞ്ഞിട്ടും പ്രവേശനം കിട്ടാതെ പുറത്തിരിക്കുന്ന ജില്ലയിലെ 20,000 കുട്ടികൾക്ക് പ്രവേശനം ഉറപ്പുവരുത്തണമെന്നും ആവശ്യമായ സൗകര്യം സർക്കാർ ഒരുക്കണമെന്നും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ നസീബ അസീസ് ആവശ്യപ്പെട്ടു. ഹൈസ്കൂളുകളിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിക്കുന്ന പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം മക്കരപറമ്പ് സ്കൂളിലും വി.എച്ച്.എസ്.ഇ തല ഉദ്ഘാടനം മങ്കടയിലും നടത്താൻ ജില്ല പഞ്ചായത്ത് തീരുമാനിച്ചു. ഭിന്നശേഷിക്കാർക്കുള്ള ഇലക്ട്രോണിക് വീൽചെയറുകൾ വിതരണത്തിന് തയാറായി. വിതരണോദ്ഘാടനം അടുത്ത മാസം മലപ്പുറത്ത് നടത്തും. ത്രിതല പഞ്ചായത്തുകളുടെ സംയുക്ത പദ്ധതിയാണിത്. 94 ഗ്രാമപഞ്ചായത്തുകളിലെ 80 ശതമാനത്തിന് മുകളിൽ ഭിന്നശേഷിയുള്ള 225 പേർക്കാണ് വീൽചെയർ നൽകുന്നത്.
ഹയർ സെക്കൻഡറി സ്കൂളുകൾക്കുള്ള ലാപ്ടോപ് പദ്ധതിക്ക് കെൽട്രോണിന് നൽകിയ വർക്ക് ഓർഡർ ജില്ല പഞ്ചായത്ത് റദ്ദാക്കി. നിശ്ചിത സമയത്ത് ലാപ്ടോപ് എത്തിക്കാത്തതിനെ തുടർന്നാണിത്. ലാപ്ടോപ്പിന് ജംപോർട്ടൽ വഴി വീണ്ടും ടെൻഡർ ചെയ്യാൻ ഡി.ഡി.ഇക്ക് നിർദേശം നൽകും. വിജയഭേരി പദ്ധതിക്ക് ജില്ല പഞ്ചായത്ത് നീക്കിവെച്ച 24.50 ലക്ഷം രൂപയിൽനിന്ന് 104 സർക്കാർ, എയ്ഡഡ് ഹൈസ്കൂളുകൾക്ക് തുക അനുവദിച്ചു. ഹയർ സെക്കൻഡറിക്ക് ഉടൻ തുക നൽകും. ജലജീവൻ മിഷൻ പ്രവൃത്തികളുമായി ബന്ധപ്പെട്ട് ജില്ല പഞ്ചായത്ത് ജൂലൈ രണ്ടാംവാരം യോഗം വിളിക്കും. പൈപ്പിടുന്നതിന്, ഏതാനും റോഡ് വെട്ടിപ്പൊളിക്കാൻ ജില്ല പഞ്ചായത്ത് അനുമതി നൽകിയിരുന്നു. ഈ പ്രവൃത്തികൾ വിലയിരുത്താനും പുതിയ അപേക്ഷ പരിഗണിക്കാനുമാണ് യോഗം. ഒഴൂർ വിഷ്ണുക്ഷേത്രം കുളം നവീകരണ പദ്ധതിക്കുള്ള പ്രപ്പോസൽ സംസ്ഥാനത്തല കോഓഡിനേഷൻ കമ്മിറ്റിക്ക് വിടും. പട്ടികജാതി വികസന വകുപ്പിന്റെ പരിശോധനക്ക് സമർപ്പിച്ച 56 പ്രവൃത്തികളിൽ 10 എണ്ണത്തിന് ഫീസിബിലിറ്റി ലഭിച്ചതായി എൻജിനീയറിങ് വിഭാഗം അറിയിച്ചു.
അക്കൗണ്ട്സ് വിഭാഗത്തിലെ ജോലി ഭാരംമൂലം ഈയടുത്ത് വന്നതു കൂടാതെ 229 ബില്ലുകൾ സമർപ്പിക്കാനായിട്ടില്ല. അക്കൗണ്ട്സ് വിഭാഗത്തിൽ രണ്ട് സൂപ്പർവൈസർ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ആദ്യഗഡുവായി ലഭിച്ച മെയിന്റനൻസ് ഗ്രാന്റ് തീർന്നു. മാർച്ചിൽ സമർപ്പിച്ച അഞ്ചുലക്ഷത്തിന് മുകളിലുള്ള 27 ബില്ലുകൾ ക്യൂവിലാണ്. ട്രഷറിയിൽനിന്ന് മാറാവുന്ന തുകയുടെ പരിധി 25 ലക്ഷം രൂപയായി ഉയർത്തിയെങ്കിലും അലോട്ട്മെന്റ് തീർന്നതിനാൽ ജില്ല പഞ്ചായത്തിന് ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. ജില്ലയിലെ സർക്കാർ ഹയർസെക്കൻഡറി, ഹൈസ്കൂളുകളിൽനിന്ന് 3532 ബെഞ്ചിനും 3578 ഡെസ്കിനുമാണ് ഈ വർഷം റിക്വയർമെന്റ് വന്നത്. ഫണ്ടിന്റെ അപര്യപ്തതയുള്ളതിനാൽ ആവശ്യത്തിന്റെ പകുതിയെങ്കിലും നൽകാനാവുമെന്നാണ് പ്രതീക്ഷയെന്ന് പ്രസിഡന്റ് എം.കെ. റഫീഖ പറഞ്ഞു.
ഈ വർഷം ഉണ്ടായ കടുത്ത വേനലിൽ ജില്ലയിൽ 18.11 കോടിയുടെ വിളനാശം സംഭവിച്ചതായി കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ റിപ്പോർട്ട് ചെയ്തതായി പ്രസിഡന്റ് അറിയിച്ചു. വിളനാശം സംഭവിച്ച മുഴുവൻ കർഷകർക്കും ഉചിതമായ നഷ്ടപരിഹാരം ലഭ്യമാക്കണം. മലപ്പുറം ജില്ലയെ വരൾച്ച ബാധിത ജില്ലയായി പ്രഖ്യാപിക്കുന്നതിന് സർക്കാറിലേക്ക് ശിപാർശ ചെയ്യുമെന്ന് പ്രസിഡന്റ് പറഞ്ഞു. മുച്ചക്രവാഹനം വാങ്ങിനൽകുന്നതിനുള്ള ജില്ല പഞ്ചായത്ത് പദ്ധതിക്ക് പഞ്ചായത്തുകളിൽനിന്നുള്ള ഗുണഭോക്താക്കളുടെ പട്ടിക ലഭിച്ചിട്ടുണ്ട്. ജൂലൈ പത്തിന് മലപ്പുറത്ത് ക്യാമ്പ് നടത്തി അന്തിമ പട്ടിക തയാറാക്കും.
2024-25 വർഷത്തേക്ക് അക്രഡിറ്റഡ് ഏജൻസി വഴി ചെയ്യാവുന്ന പ്രവൃത്തികൾ അറിയിക്കണമെന്ന് മെംബർമാർക്ക് ജില്ല പഞ്ചായത്ത് നിർദേശം നൽകി. കഴിഞ്ഞവർഷം 90 കോടി രൂപയുടെ 130 പ്രോജക്ടുകൾ അക്രഡിറ്റഡ് ഏജൻസി മുഖേനയാണ് ചെയ്തത്.
തദേശഭരണ വകുപ്പ് ഓഡിറ്റ് റിപ്പോർട്ടിൽ അക്രഡിറ്റഡ് ഏജൻസി വഴിയുള്ള പ്രവൃത്തികൾ ചട്ടവിരുദ്ധവും ജില്ല പഞ്ചായത്തിന് വൻനഷ്ടമുണ്ടാക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. മുഴുവൻ പ്രവൃത്തികളും എൻജിനീയറിങ് വിഭാഗം മുഖേന ടെൻഡർ ചെയ്യണമെന്നാണ് ഓഡിറ്റ് റിപ്പോർട്ടിലെ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.