പൊന്നാനി: മൺസൂൺ സമയത്തെ കടൽക്ഷോഭത്തിൽ പൊന്നാനി നഗരപരിധിയിൽ മാത്രം നഷ്ടമായത് 11 വീടുകൾ. മരക്കടവ് മുതൽ ഹിളർ പള്ളി വരെയുള്ള മേഖലകളിൽ കടലിനോട് ചേർന്ന 11 വീടുകൾ പൂർണമായും കടലെടുത്തു. പേരിനുമാത്രം കടൽഭിത്തിയുള്ള മേഖലയായതിനാലാണ് നാശനഷ്ടം വർധിച്ചത്. ഈ മേഖലയിലെ തീരദേശ റോഡും പൂർണമായി തകർന്നനിലയിലാണ്. സ്വന്തമായുള്ള ഭൂമിയും വീടും കടൽക്ഷോഭത്തിൽ കടലെടുക്കുമ്പോൾ ഭൂമിയുടെ പട്ടയരേഖകളുമായി നിസ്സഹായരായി നിൽക്കുകയാണ് താലൂക്കിലെ കടലോരവാസികൾ.
പുനർഗേഹം പദ്ധതിയുടെ ഭാഗമായി വീടുകൾ ലഭിച്ചവർക്ക് നേരത്തെയുണ്ടായിരുന്ന കടലോരത്തെ സ്ഥലം കൃഷിക്ക് ഉപയോഗിക്കാമെന്നാണ് വ്യവസ്ഥയെങ്കിലും പലയിടത്തും ഈ ഭൂമിയെല്ലാം ഇപ്പോൾ കടലിലാണ്. ഓരോ കടൽക്ഷോഭക്കാലത്തും മീറ്ററോളം കരഭാഗമാണ് കടൽ കവർന്നെടുക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് കിഴക്കുപടിഞ്ഞാറ് ഭാഗത്തായി മാത്രം നഷ്ടമായത് ഒരു കിലോമീറ്ററോളം ഭൂമിയാണ്.
റവന്യൂ വകുപ്പ് കണക്കുകള്‍ പ്രകാരം പൊന്നാനി അഴിമുഖം മുതല്‍ പാലപ്പെട്ടി കാപ്പിരിക്കാട് വരെയുള്ള 12 കി.മീ. ഭാഗത്ത് തീരദേശവാസികള്‍ക്ക് പതിച്ചുനല്‍കിയ 700 മീറ്റര്‍ ഭൂമി കടലെടുത്തതായാണ് കണക്കാക്കുന്നത്. തീരദേശ പരിപാലന നിയമപ്രകാരം നിശ്ചയിച്ച ഭാഗത്തുനിന്ന് 700 മീറ്റര്‍ പരിധിയിലുള്ള ഭൂമിയാണ് കടലെടുത്തത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെയാണ് തീരത്തേക്കുള്ള കടല്‍ വേലിയേറ്റം രൂക്ഷമായത്. ഓരോ വര്‍ഷവും ഈ മേഖലയില്‍ 20 മുതല്‍ 40 മീറ്റര്‍ വരെ കടലെടുത്തതായാണ് കണക്കുകള്‍.
കഴിഞ്ഞ മൂന്ന് വര്‍ഷമാണ് പൊന്നാനി തീരത്ത് കടലേറ്റം രൂക്ഷമായത്. ഈ വര്‍ഷം പൊന്നാനി മുറിഞ്ഞഴി, ലൈറ്റ് ഹൗസ് പരിസരം, വെളിയങ്കോട് തണ്ണിത്തുറ, പാലപ്പെട്ടി അജ്മീര്‍ നഗർ എന്നിവിടങ്ങളിലാണ് കൂടുതൽ നഷ്ടം വന്നത്.
സർക്കാർ രേഖകൾ കൈയിലുണ്ടായിട്ടും, ഭൂമി നഷ്ടമായാലും സി.ആർ.സെഡ് പരിധിയിലായതിനാൽ ആനുകൂല്യങ്ങളൊന്നും തീരദേശവാസികൾക്ക് ലഭിക്കുന്നില്ല. തീരപരിധിയിലുള്ളവർക്കായി പുനരധിവാസത്തിന് സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ പരിധിയിൽ അർഹരായ പലരും ഉൾപ്പെട്ടിട്ടില്ലെന്നും പരാതിയുണ്ട്. വർഷങ്ങൾക്കുമുമ്പ് ഭൂമിയും വീടും നഷ്ടമായവരിൽ ഭൂരിഭാഗവും ഇപ്പോഴും വാടകവീടുകളിലാണ് കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.