പൊന്നാനി: സർക്കാർ ലോട്ടറിക്ക് സമാന്തരമായി മൂന്നക്ക എഴുത്തു ലോട്ടറി നടത്തിയ യുവാക്കളെ പൊന്നാനി പൊലീസ് പിടികൂടി. പൊന്നാനി കൊടക്കാട് ഹരിനാരായണൻ (25) , നെല്ലിക്കോട്ട് സജീവ് (34) എന്നിവരാണ് അറസ്റ്റിലായത്. പൊന്നാനി ചമ്രവട്ടത്ത് ലോട്ടറി കടയുടെ മറവിലാണ് ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലവുമായി ബന്ധപ്പെടുത്തിയുള്ള ഇടപാട് നടന്നിരുന്നത്. ആളുകൾ ആവശ്യപ്പെടുന്ന മൂന്നക്ക നമ്പറുകൾ രേഖപ്പെടുത്തി ഒരു നമ്പറിന് 20 രൂപ വീതം ഈടാക്കും. തുടർന്ന് അതത് ദിവസം സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനം ലഭിക്കുന്ന ടിക്കറ്റിന്റെ അവസാന മൂന്നക്ക നമ്പറുകൾ ഒത്തുനോക്കിയാണ് പണം നൽകിയിരുന്നത്. ഒന്നാം സമ്മാനമായി ഒരു ടിക്കറ്റിന് 5000 രൂപയും രണ്ടാം സമ്മാനമായി 500 രൂപയും മൂന്നാം സമ്മാനമായി 250 രൂപയും ലഭിക്കും. മൊബൈൽ ആപ്ലിക്കേഷനടക്കം നിർമിച്ചാണ് എഴുത്ത് ലോട്ടറി ലോബിയുടെ പ്രവർത്തനം. അംഗീകൃത ലോട്ടറി ഏജൻസികളുടെ മറവിലും രഹസ്യകേന്ദ്രങ്ങളിലും എഴുത്ത് ലോട്ടറി വിൽപന നടക്കുന്നതായി പൊന്നാനി പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
പൊലീസ് പരിശോധനയിൽ എഴുത്ത് ലോട്ടറി വിറ്റു ലഭിച്ച 18,680 രൂപയും കണ്ടെടുത്തു. പൊന്നാനി സി.ഐ വിനോദ് വലിയാട്ടൂർ, എസ്.ഐ എം.കെ. നവീൻഷാജ്, എ.എസ്.ഐ കെ. പ്രവീൺകുമാർ, പൊലീസുകാരായ എസ്. ഷൈജു, എസ്. പ്രശാന്ത് കുമാർ, എം. സോഫി എന്നിവരും പരിശോധനസംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ മഞ്ചേരി കോടതിയിൽ ഹാജറാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.