പൊന്നാനി: കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ കൂട്ടായ്മയുടെ കരുത്തുമായി അവരെത്തി. രോഗം ഭേദമായി തിരികെയെത്തിയ പൊന്നാനിയിലെ 11 അംഗ സംഘമാണ് പ്ലാസ്മ നൽകാൻ വീണ്ടും മഞ്ചേരിയിലെത്തിയത്. കോവിഡ് ബാധിതരായി എത്തിയ അതേ മെഡിക്കൽ കോളേജിൽ നിന്ന് ഇത്തവണ പുറത്തിറങ്ങുമ്പോൾ പൊന്നാനിക്കാരായ 11 അംഗ സംഘത്തിന് നിർവൃതിയേറെയായിരുന്നു.
കോവിഡ് ബാധിതർക്കായി പ്ലാസ്മ നൽകാൻ കഴിഞ്ഞ സന്തോഷത്തിലായിരുന്നു ഇവർ. ജൂലൈ അഞ്ച് മുതൽ 24 വരെ പൊന്നാനിയിൽ നടന്ന ആൻറിജൻ പരിശോധനയിൽ പോസിറ്റിവായി മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയും രോഗം ഭേദമായി തിരിച്ചെത്തുകയും ചെയ്ത 113 പേരിലെ ആദ്യസംഘമാണ് മറ്റുള്ള രോഗികൾക്ക് സാന്ത്വനമായി പ്ലാസ്മ നൽകാൻ എത്തിയത്.
കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ കഴിയുമ്പോൾ തന്നെ പൊന്നാനിക്കാർ ചേർന്ന് 'കോവിഡ് ബി പോസിറ്റിവ്' എന്ന പേരിൽ വാട്സ്ആപ് ഗ്രൂപ് രൂപവത്കരിച്ചിരുന്നു. ഇത് പുതിയൊരു സൗഹൃദക്കൂട്ടത്തിന് ഇടയാക്കുകയും കോവിഡിനെത്തുടർന്നുള്ള മാനസിക പ്രയാസങ്ങൾക്ക് വലിയൊരളവിൽ ആശ്വാസമാവുകയും ചെയ്തു.
തുടർന്ന് 14 ദിവസത്തെ ക്വാറൻറീനിലും വാട്സ്ആപ് ഗ്രൂപ്പിൽ സൗഹൃദം പങ്കുവെച്ചു. രോഗം ഭേദമായി തിരിച്ചിറങ്ങുമ്പോൾ തന്നെ മനസ്സിൽ സൂക്ഷിച്ച കാര്യമായിരുന്നു മറ്റുള്ളവർക്കായി പ്ലാസ്മ നൽകുകയെന്നത്.
ഡി. ദീപേഷ് ബാബുവിെൻറ നേതൃത്വത്തിൽ കൗൺസിലർമാരായ മഞ്ചേരി ഇഖ്ബാൽ, കെ. പ്രദോഷ് എന്നിവരുൾപ്പെടെയുള്ള ആദ്യ സംഘമാണ് പ്ലാസ്മ നൽകിയത്. സ്ത്രീകൾ ഉൾപ്പെടെയുള്ള മറ്റു സംഘങ്ങളും വിവിധ ഘട്ടങ്ങളിൽ പ്ലാസ്മ നൽകും. ഇവർക്ക് നഗരസഭയുടെ അനുമോദന പത്രം നൽകുമെന്ന് ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി പറഞ്ഞു. യാത്രയുടെ ഫ്ലാഗ് ഓഫും ചെയർമാൻ നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.