പൊന്നാനി: പൊന്നാനി ആസ്ഥാനമായി ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ നാമധേയത്തില്‍ അറബി ഭാഷ സാംസ്കാരിക പഠനകേന്ദ്രം ആരംഭിക്കുമെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദുവിന്റെ പ്രസ്താവനയിൽ പ്രതീക്ഷയോടെ നാട്.
കേരള സർവകലാശാല അറബിക് വിഭാഗം സംഘടിപ്പിച്ച രാജ്യാന്തര സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ്, കേരളത്തെക്കുറിച്ചുള്ള ആധികാരിക ചരിത്രരചനക്ക് തുടക്കം കുറിക്കുകയും നിരവധി അധിനിവേശ വിരുദ്ധ കൃതികള്‍ രചിക്കുകയും ചെയ്ത സൈനുദ്ദീന്‍ മഖ്ദൂമിന് അര്‍ഹമായ ആദരവ് നല്‍കാനുള്ള സര്‍ക്കാർ തീരുമാനം മന്ത്രി അറിയിച്ചത്.
ചരിത്രകാരനും കവിയും മതപണ്ഡിതനും സൂഫിവര്യനുമായിരുന്ന സൈനുദ്ദീന്‍ മഖ്ദൂമിന് പൊന്നാനിയില്‍ സ്മാരകം നിർമിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
സ്മാരകം നിർമിക്കാൻ കഴിഞ്ഞ സർക്കാറിന്റെ അവസാന ബജറ്റിൽ 50 ലക്ഷം രൂപ വകയിരുത്തിയിരുന്നു. എന്നാൽ, ഇത് കടലാസിൽ ഒതുങ്ങി. മഖ്ദൂമിയ ട്രസ്റ്റിന് കീഴിൽ പൊനാനിയിലുള്ള ദാഇറ കെട്ടിടം സ്മാരകം നിർമിക്കാൻ വിട്ടുകൊടുക്കാമെന്നായിരുന്നു തുടക്കത്തിൽ പറഞ്ഞിരുന്നത്.
എന്നാൽ, ഇതുമായി ബന്ധപ്പെട്ട രേഖകൾ സർക്കാറിന് സമർപ്പിക്കുന്നതിൽ ആശയക്കുഴപ്പം ഉടലെടുത്തതോടെയാണ് നിർമാണം നീണ്ടത്. സൈനുദ്ദീൻ മഖ്ദൂമിന്റെ വീട് പൊളിച്ചാണ് ദാഇറ നിർമിച്ചിരുന്നത്. സൈനുദ്ദീൻ മഖ്ദും താമസിച്ച പഴയ വീടിന്റെ അടുക്കളയുടെ ചുമര് മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്.
മുൻ പൊന്നാനി എം.എല്‍.എയും സ്പീക്കറുമായിരുന്ന പി. ശ്രീരാമകൃഷ്ണന്റെ താല്പര്യപ്രകാരമാണ് സ്മാരക മന്ദിരത്തിനുള്ള നീക്കങ്ങള്‍ പുരോഗമിച്ചത്. മഖ്ദൂമിന്റെ ചരിത്രഗ്രന്ഥങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന മ്യൂസിയം, ചരിത്ര ഗവേഷണ മന്ദിരം എന്നിവ ഉൾക്കൊള്ളിച്ചുള്ള സ്മാരക മന്ദിരത്തിനാണ് രൂപകല്പന തയാറാക്കിയിരുന്നത്.
പോര്‍ച്ചുഗീസ് ആധിപത്യത്തിനെതിരെ തൂലിക പടവാളാക്കുകയും പൊന്നാനിയുടെ പ്രഭ ലോകമെങ്ങുമെത്തിക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്ത പണ്ഡിതനാണ് സൈനുദ്ദീന്‍ മഖ്ദൂം. പറങ്കികള്‍ക്കെതിരായ പോരാട്ടത്തിന് ആഹ്വാനംചെയ്ത ആദ്യ ചരിത്രഗ്രന്ഥമായ തുഹ്ഫത്തുല്‍ മുജാഹിദീന്‍, കര്‍മശാസ്ത്ര ഗ്രന്ഥമായ ഫത്ഹുല്‍ മുഈന്‍ തുടങ്ങി അദ്ദേഹം രചിച്ച പുസ്തകങ്ങള്‍ വിദേശ സർവകലാശാലകളിലടക്കം പഠന വിഷയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.