പൊന്നാനി: പൊന്നാനി ബിയ്യം കായൽ വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപമുള്ള പുളിക്കടവ് പാലത്തിലൂടെയുള്ള യാത്രക്ക് നിരോധനം ഏർപ്പെടുത്തി ഒന്നര മാസം പിന്നിട്ടിട്ടും അറ്റകുറ്റപ്പണികൾ വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.പാലം അടച്ചതോടെ മാറഞ്ചേരി പത്തായി ഭാഗത്തുള്ള നൂറുകണക്കിന് വിദ്യാർഥികളും വിവിധ ജോലികൾക്ക് പോകുന്നവരും കിലോമീറ്ററുകളോളം ചുറ്റിയാണ് പൊന്നാനിയിലെത്തുന്നത്.
പാലം അടച്ചതിന് ശേഷം താൽക്കാലിക തോണി സൗകര്യം പഞ്ചായത്ത് ഏർപ്പെടുത്തിയിരുന്നെങ്കിലും ചെറിയ തോണിയിൽ എട്ട് പേർക്ക് മാത്രമാണ് യാത്ര ചെയ്യാനാവുക. ഇതോടെ പലപ്പോഴും വിദ്യാർഥികൾ ഏറെ വൈകി സ്കൂളിലെത്തേണ്ട സാഹചര്യമാണ്. പൊന്നാനി നഗരസഭയേയും മാറഞ്ചേരി പഞ്ചായത്തിനേയും ബന്ധിപ്പിച്ചുള്ള പുളിക്കടവ് പാലം 2011ലാണ് ഗതാഗതത്തിനായി തുറന്ന് കൊടുത്തത്.
എന്നാൽ പാലത്തിൽ യഥാസമയം അറ്റകുറ്റപണികൾ നടത്താൻ ഡി.ടി.പി.സി തയ്യാറായിരുന്നില്ല. കൂടാതെ പാലം നഗരസഭക്ക് വിട്ടു നൽകുന്നതിൽ വിമുഖത കാണിക്കുകയും ചെയ്തു. ഇതോടെ പാലം അപകടാവസ്ഥയിലായതിനെത്തുടർന്നാണ് അടച്ചിട്ടത്. അടച്ചിട്ടിട്ടും അറ്റകുറ്റപ്പണി ഒന്നുമായിട്ടില്ല. പാലത്തിന്റെ അറ്റകുറ്റപ്പണികൾ ഇനിയും വൈകിയാൽ കായലിൽ ഇറങ്ങി അനിശ്ചിതകാല സമരം നടത്താനുള്ള നീക്കത്തിലാണ് നാട്ടുകാർ. പ്രതിഷേധത്തിന് കബീർ, സി. അനസ്, അബൂബക്കർ, അഷ്റഫ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.