പൊന്നാനി: ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷീറ്റ് പൈലിങ് മുടങ്ങിയതോടെ ജലസംഭരണം നടക്കില്ല. റെഗുലേറ്ററിന്റെ 250 മീറ്റർ നീളത്തിലും 5.5 മീറ്റർ ആഴത്തിലും മുകൾ ഭാഗത്ത് ഷീറ്റുകൾ സ്ഥാപിക്കാനായിരുന്നു തീരുമാനം.
താഴെ 11.5 മീറ്റർ ആഴത്തിലും ഷീറ്റുകൾ അടിച്ചിറക്കും. വർഷക്കാലത്തെ പുഴയിലെ സമൃദ്ധമായ വെള്ളം തടഞ്ഞുനിർത്താൻ ഷീറ്റ് പൈലിങ് പൂർത്തിയാവുന്നതോടെ സാധിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഇതൊന്നും നടപ്പായില്ല.
11 വർഷം മുമ്പ് റെഗുലേറ്റർ കം ബ്രിഡ്ജ് ഉദ്ഘാടനം ചെയ് തെങ്കിലും പൈലിങ്ങിനടിയിലൂടെ ചോർച്ച സംഭവിച്ചതിനാൽ പദ്ധതി പൂർണാർഥത്തിൽ നടപ്പായിരുന്നില്ല.
പലതവണ ചോർച്ചയടക്കാൻ സർക്കാർ ഫണ്ട് വകയിരുത്തിയിരുന്നെങ്കിലും, നിർമാണ പ്രവർത്തനം അനന്തമായി നീണ്ടുപോയി. പദ്ധതി യാഥാർഥ്യമായാൽ പുഴയിൽ നാലു മീറ്റർ ഉയരത്തിൽ ജലംസംഭരിക്കാൻ കഴിയും. അതേസമയം ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിന് ചോർച്ച വരാൻ കാരണമായത് നിർമാണ സമയത്ത് നടന്ന വൻ അഴിമതിയാണെന്നാണ് അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റിങ്ങിലൂടെ പുറത്തുവന്നത്.
ചൈനയിൽനിന്ന് നിലവാരമില്ലാത്ത ഷീറ്റുകൾ ഇറക്കിയതിലൂടെ വന്ന 157 ടൺ ഇരുമ്പിന്റെ കുറവ് വഴി 1.38 കോടിയുടെ അഴിമതിയാണ് നടന്നതെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുള്ളത്. പദ്ധതിയിൽ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് വിവിധ രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തി.
പൊന്നാനി: ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിയിൽ നടന്ന അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി പ്രക്ഷോഭത്തിന്.
വെള്ളിയാഴ്ച നരിപ്പറമ്പിൽ ‘സമരാരവം’ പേരിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നേതാക്കൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. അഴിമതി പദ്ധതിയെ ഉപയോഗശൂന്യമാക്കി മാറ്റിയെന്നും ജനപ്രതിനിധികൾക്കടക്കം പങ്കുള്ള അഴിമതി സ്വതന്ത്ര അന്വേഷണ സംഘം അന്വേഷിക്കണം. കുറ്റക്കാരെ കണ്ടെത്തി അർഹമായ ശിക്ഷ നൽകണമെന്നും കെടുകാര്യസ്ഥതക്ക് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രക്ഷോഭം.
വൈകീട്ട് നാലിന് ചമ്രവട്ടം പാലത്തിൽനിന്ന് തുടങ്ങുന്ന പരിപാടി നരിപ്പറമ്പ് അങ്ങാടിയിൽ നടക്കുന്ന പൊതുസമ്മേളനത്തോടെ അവസാനിക്കും. വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘടനം ചെയ്യും. ജില്ല, മണ്ഡലം നേതാക്കൾ സംസാരിക്കും.
വാർത്ത സമ്മേളനത്തിൽ ജില്ല സെക്രട്ടറി ഇബ്രാഹിംകുട്ടി മംഗലം, പൊന്നാനി മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പൊന്നാനി, തവനൂർ മണ്ഡലം പ്രസിഡന്റ് ഖമറുദ്ദീൻ എടപ്പാൾ, സെക്രട്ടറി മുഹമ്മദലി ചമ്രവട്ടം, പൊന്നാനി മണ്ഡലം സെക്രട്ടറി എം.എം. ഖദീജ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.