പൊന്നാനി: പൊന്നാനി ആനപ്പടിയിൽ പ്രവർത്തിക്കുന്ന വെളിച്ചെണ്ണ ഫാക്ടറിയിലെ മലിനജലം പുറത്തേക്കൊഴുക്കിവിടാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. ഇതിനായി ആറടി നീളത്തിൽ കുഴിയെടുത്ത് ഫാക്ടറിയുടെ പിൻവശത്തെ കാനയിലേക്ക് മലിനജലം ഒഴുക്കിവിടാനുള്ള നീക്കമാണ് തടഞ്ഞത്. നഗരസഭ അനുമതിപോലുമില്ലാതെയാണ് കാനയിലേക്ക് മലിനജലം ഒഴുക്കിവിടാൻ ചാലുകീറിയതെന്നാണ് പ്രദേശവാസികളുടെ ആരോപണം.
നേരത്തെ ഫാക്ടറിയിലെ മലിനജലം ടാങ്കറിൽ നിറച്ച് പുറത്തുകൊണ്ടുപോയി കളയുകയായിരുന്നു. ചാല് കീറുന്നത് ശ്രദ്ധയിൽപെട്ടതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. തുടർന്ന് കുഴിച്ച ഭാഗങ്ങളിൽ ഫാക്ടറി തൊഴിലാളികൾ മണ്ണിട്ട് മൂടുകയായിരുന്നു. ജനവാസകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ഫാക്ടറിയിലെ പുകക്കുഴൽ സമീപവാസികൾക്ക് ദുരിതമാവുന്നതായും നാട്ടുകാർ ആരോപിച്ചു.
പുകക്കുഴലിൽനിന്ന് വരുന്ന പുക ശ്വസിച്ച് നിരവധിപേർക്ക് അസുഖങ്ങൾ ബാധിച്ചതായും കൂടാതെ, മഴവെള്ളമുൾപ്പെടെ പുറത്തേക്ക് പൈപ്പ് സ്ഥാപിച്ച് ഒഴുക്കിവിടുന്നതായുമാണ് പ്രദേശവാസികളുടെ പരാതി. എന്നാൽ, കഴിഞ്ഞ 20 വർഷമായി സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചാണ് ഫാക്ടറി പ്രവർത്തിക്കുന്നതെന്നും ചിലർ കമ്പനിക്കെതിരെ അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് ആരോപിക്കുന്നതെന്നും ഫാക്ടറി മാനേജ്മെൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.