പൊന്നാനി: പൊന്നാനിയിലെ ജ്വല്ലറിയിൽനിന്ന് സ്വർണമാല മോഷ്ടിച്ച് കടന്നുകളഞ്ഞ ദമ്പതികളെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. തിരൂർ ബി.പി അങ്ങാടി സ്വദേശി മുഹമ്മദ് ജലീലിനെയും (38) ഭാര്യ ആസിയയെയുമാണ് അറസ്റ്റ് ചെയ്തത്. സ്വർണാഭരണം വാങ്ങാനെന്ന വ്യാജേന പൊന്നാനി ചമ്രവട്ടം ജങ്ഷനിലെ ജ്വല്ലറിയിലെത്തിയ ജലീലും ഭാര്യയും പ്രദർശനത്തിനുവെച്ച ആഭരണം മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
ആദ്യം സ്വർണമാല പരിശോധിച്ച ശേഷം സുന്ദരി മോഡലിലുള്ള മാല വേണമെന്ന് ആസിയ ആവശ്യപ്പെടുകയും ഈ മാല അലമാരയിൽനിന്ന് എടുക്കാൻ സെയിൽസ്മാൻ പോയതോടെ നേരത്തേ പ്രദർശനത്തിനുവെച്ച മാലയുമായി ഇരുവരും മുങ്ങുകയുമായിരുന്നു.
മൂന്നുപവൻ തൂക്കം വരുന്ന മാലയാണ് ദമ്പതികൾ ചേർന്ന് മോഷ്ടിച്ചത്. വൈകീട്ട് സ്റ്റോക്ക് പരിശോധിക്കുമ്പോഴാണ് മോഷണ വിവരം ശ്രദ്ധയിൽ പെട്ടത്. സി.സി.ടി.വി പരിശോധിച്ചപ്പോൾ ഇവർ മാല മോഷ്ടിച്ചതായി കണ്ടെത്തി. വാഹന നമ്പർ സി.സി.ടി.വി കാമറയിൽ വ്യക്തമാവാത്തതിനാൽ സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കൈ കുഞ്ഞുള്ളതിനാൽ ആസിയയെ മഹിളാമന്ദിരത്തിലേക്ക് മാറ്റി.
ജലീലിനെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂരിന്‍റെ നേതൃത്വത്തിൽ എസ്.ഐ സുജിത്ത്, സി.പി.ഒമാരായ ബിനീഷ്, പ്രിയ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.