പൊന്നാനി: പൊന്നാനിയിൽ കോവിഡ് വാക്സിൻ യഥേഷ്ടമെങ്കിലും കുത്തിവെപ്പെടുക്കാനെത്തുന്നവരുടെ എണ്ണത്തിൽ കുറവെന്ന് ആരോഗ്യവകുപ്പ്. ഇതിനകം നഗരസഭയിലെ പകുതിയിലേറെ വാർഡുകളിൽ മുഴുവൻ പേർക്കും ഒന്നാം ഡോസ് വിതരണം പൂർത്തിയായി.
ഒരാഴ്ചക്കകം മുഴുവൻ പേർക്കും വാക്സിൻ ലഭ്യമാക്കാനുള്ള തീവ്രയജ്ഞത്തിലാണ് നഗരസഭയും ആരോഗ്യ വകുപ്പും. ചില വാർഡുകളിൽ 80 ശതമാനത്തിലേറെ പേരും സ്വീകരിച്ചു. നേരത്തേ മെഗാ ക്യാമ്പുകൾ നടത്തിയായിരുന്നു വാക്സിൻ നൽകിയിരുന്നത്. ഇപ്പോൾ ആരോഗ്യ കേന്ദ്രങ്ങൾ വഴിയാണ് വാക്സിനേഷൻ ഊർജിതമാക്കിയത്. പൊന്നാനി താലൂക്ക് ആശുപത്രി, മാതൃ ശിശു ആശുപത്രി, ടി.ബി ആശുപത്രി, ഈഴുവത്തിരുത്തി പ്രാഥമികാരോഗ്യ കേന്ദ്രം, ബിയ്യം, നഗരം അർബൺ ഹെൽത്ത് സെൻററുകളിലും വാക്സിൻ വിതരണം നടക്കുന്നുണ്ട്.
എന്നാൽ, വാക്സിനെടുക്കാൻ ആളുകളെത്തുന്നതിൽ വലിയ കുറവ് വന്നിട്ടുണ്ട്. പലപ്പോഴും ഓരോ ദിവസവും അനുവദിക്കുന്ന വാക്സിൻപോലും എടുക്കാൻ ആളില്ല.
ആവശ്യക്കാർ മുഴുവനും വാക്സിൻ എടുത്തതിനാൽ വാക്സിനെടുക്കാൻ മടിയുള്ളവരെ വാക്സിൻ കേന്ദ്രങ്ങളിലെത്തിക്കാനുള്ള ഓട്ടത്തിലാണ് ജനപ്രതിനിധികൾ. ഇതോടൊപ്പം രണ്ടാം ഡോസിന് സമയമായവർക്ക് ഇതും വിതരണം ചെയ്യുന്നുണ്ട്. തിങ്കളാഴ്ച പൊന്നാനി താലൂക്ക് ആശുപത്രി പരിധിയിൽ തൊള്ളായിരത്തോളം വാക്സിൻ വിതരണം ചെയ്യുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. വാക്സിനെടുക്കാൻ ബാക്കിയുള്ളവർ പരമാവധി കേന്ദ്രങ്ങളിലെത്തി വാക്സിനെടുക്കണമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ. ഷാജ് കുമാർ അറിയിച്ചു. ഒരാഴ്ചക്കകം നഗരസഭ പരിധിയിലെ മുഴുവൻ പേർക്കും ആദ്യ ഡോസ് വാക്സിൻ ലഭ്യമാക്കി സമ്പൂർണ വാക്സിൻ നഗരസഭയായി പ്രഖ്യാപിക്കുമെന്ന് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഷീന സുദേശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.