പൊന്നാനി: നിയമസഭ തെരഞ്ഞെടുപ്പ് മുതൽ കടുത്ത വിഭാഗീയത നിലനിന്നിരുന്ന പൊന്നാനി ഏരിയയിൽ ഐക്യം വീണ്ടെടുക്കാൻ സി.പി.എം. പുതിയ ഏരിയ സെക്രട്ടറിയായി സി.പി. മുഹമ്മദ് കുഞ്ഞിയെ തെരഞ്ഞെടുത്തതിന് പുറമെ വിഭാഗീയത കണ്ടെത്തിയതിനെത്തുടർന്ന് തരംതാഴ്ത്തിയ മുൻ ജില്ല സെക്രട്ടറിയേറ്റംഗം ടി.എം. സിദ്ദീഖിനെ ഏരിയ സെന്ററിൽ ഉൾപ്പെടുത്തിയാണ് ഏരിയ കമ്മറ്റി പുന:സംഘടിപ്പിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നേതൃത്വത്തിനെതിരെ പരസ്യ പ്രകടനം നടന്ന പൊന്നാനിയിൽ ടി.എം. സിദ്ദീഖിനുൾപ്പെടെ അച്ചടക്ക നടപടി നേരിടേണ്ടി വന്നിരുന്നു. കൂടാതെ ഏരിയ സമ്മേളനത്തിലും വിഭാഗീയതയുണ്ടായെന്ന് പാർട്ടി അന്വേഷണ കമ്മീഷൻ കണ്ടെത്തി.
ഇതോടെ ജില്ല, സംസ്ഥാന നേതൃത്വത്തിന്റെ പ്രത്യേക ശ്രദ്ധയോടെയാണ് പൊന്നാനി ഏരിയയിലെ പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നത്. ഇതിനിടെ ടി.എം. സിദ്ദിഖിനെയും ഏരിയ കമ്മറ്റിയിൽ തിരിച്ചെടുത്തിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഐക്യം വീണ്ടെടുക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റങ്ങൾ. ഏരിയ കമ്മറ്റി യോഗത്തിൽ ജില്ല സെക്രട്ടറി ഇ.എൻ. മോഹൻ ദാസ്, ജില്ല സെക്രട്ടറിയേറ്റംഗങ്ങളായ ഇ.ജയൻ, ജില്ല കമ്മറ്റി അംഗങ്ങളായ പ്രഫ.എം.എം. നാരായണൻ, അഡ്വ.ഇ. സിന്ധു എന്നിവർ പങ്കെടുത്തു. ഐക്യകണ്ഠേനയാണ് സി.പി. മുഹമ്മദ് കുഞ്ഞിയെ തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.