പൊന്നാനി: സവാരിക്കായി എത്തിച്ച ടൂറിസ്റ്റ് ബോട്ട് കടലിൽ മുങ്ങി. ജീവനക്കാരായ മൂന്ന് പേരെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്.
ഭാരതപ്പുഴയിൽ സവാരിക്കായി കൊണ്ടുവന്ന ടൂറിസ്റ്റ് ബോട്ടാണ് പൊന്നാനി അഴിമുഖത്തിന് പടിഞ്ഞാറ് ഭാഗം മൂന്ന് കിലോമീറ്റർ ദൂരെ കടലിൽ അപകടത്തിൽ പെട്ടത്. ശക്തമായ കാറ്റിൽ ബോട്ട് ഉലഞ്ഞ് വെള്ളം കയറിയതിനെത്തുടർന്നാണ് മുങ്ങിയത്.
ബോട്ടിനകത്തുണ്ടായിരുന്ന തൊഴിലാളികളെ മബ്റൂഖ് എന്ന മത്സ്യ ബന്ധന ബോട്ടിലെ തൊഴിലാളികൾ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. ടൂറിസ്റ്റ് ബോട്ടിന് വഴികാട്ടാനായി അഴിമുഖത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു മബ്റൂഖ് ബോട്ട്. ബോട്ട് മുങ്ങുന്നത് കണ്ട് മത്സ്യബന്ധന ബോട്ട് കടലിലേക്ക് കുതിച്ചെത്തിയതിനാലാണ് തൊഴിലാളികളെ ഉടൻ രക്ഷപ്പെടുത്താനായത്. ടൂറിസ്റ്റ് ബോട്ട് മുങ്ങുന്നതിനിടെ രണ്ട് തൊഴിലാളികൾ ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് കടലിലേക്കെടുത്ത് ചാടിയെങ്കിലും ഒരാൾ മുങ്ങുന്ന ബോട്ടിനകത്തായിരുന്നു. ഇയാളെയും മത്സ്യബന്ധന ബോട്ട് രക്ഷപ്പെടുത്തി കരക്കെത്തിച്ചു. അപകടത്തിൽ ബോട്ട് പൂർണമായി മുങ്ങിനശിച്ചു. ഏകദേശം 20 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.