പൊന്നാനി: പൊന്നാനി ഹാർബറിൽ ടോൾ നിരക്കിനെച്ചൊല്ലി മത്സ്യത്തൊഴിലാളികളും ടോൾ കരാറുകാരും തമ്മിൽ തർക്കം. തർക്കം രൂക്ഷമായതോടെ പൊലീസ് ഇടപെട്ട് പ്രശ്നത്തിന് താൽക്കാലിക പരിഹാരം കണ്ടു. വെള്ളിയാഴ്ച ഇരു വിഭാഗവും തമ്മിൽ ചർച്ച നടത്താൻ തീരുമാനം.
പൊന്നാനി ഹാർബറിൽ പ്രവേശിക്കുന്ന ടോൾ നിരക്ക് വർധിപ്പിച്ചെന്നാരോപിച്ചാണ് മത്സ്യത്തൊഴിലാളികൾ രംഗത്തെത്തിയത്.നേരത്തെ ഹാർബറിലേക്ക് പ്രവേശിക്കുമ്പോൾ മാത്രം ടോൾ നൽകിയിരുന്നതിന് പകരം ലോഡുമായി പുറത്തിറങ്ങുമ്പോഴും ടോൾ നൽകണമെന്ന കരാറുകാരുടെ തീരുമാനത്തിനെതിരെയാണ് മത്സ്യത്തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഇത് തൊഴിലാളികൾക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തുന്നുവെന്നാണ് ആരോപണം.അതേ സമയം സർക്കാർ നിശ്ചയിച്ച തുകയാണ് ഈടാക്കുന്നതെന്നാണ് കരാറുകാർ പറയുന്നത്. ടോൾ നൽകാൻ വിസമ്മതിക്കുന്നതിനെതിരെ കരാറുകാർ ഹൈകോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടർന്നാണ് പൊലീസ് സ്ഥലത്തെത്തി സംഘർഷാവസ്ഥ പരിഹരിച്ചത്. രണ്ട് മാസം മുമ്പാണ് പുതിയ കരാറുകാരൻ ടോൾ പിരിവ് ഏറ്റെടുത്തത്. പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുമെന്ന് പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂർ പറഞ്ഞു.
ടോൾ പിരിവുമായി ബന്ധപ്പെട്ട് ഏറെ കാലമായി തർക്കം നിലനിൽക്കുന്നുണ്ട്. കാൽ നടയാത്രക്കാരിൽനിന്ന് പോലും ടോൾ വാങ്ങുന്നതിൽ പ്രതിഷേധം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.