പുതുപൊന്നാനി (മലപ്പുറം): പുതുപൊന്നാനി സെൻററിലെ ഡിവൈഡർ അപകടക്കെണിയായി മാറി. റോഡിൽ മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതാണ് അപകടങ്ങൾ വർധിക്കാനിടയാക്കുന്നത്. പുതുപൊന്നാനി പഴയ ടോൾ ബൂത്ത് റോഡിലെ ഡിവൈഡറാണ് നിരവധി അപകടങ്ങൾക്ക് കാരണമാവുന്നത്.
തിങ്കളാഴ്ച ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുള്ള അപകടത്തിനിടയാക്കിയതും ഡിവൈഡറിൽ തട്ടാതിരിക്കാനുള്ള ഡ്രൈവറുടെ നീക്കത്തെത്തുടർന്നായിരുന്നു. കഴിഞ്ഞ ദിവസം എറണാകുളത്തു നിന്നു പോവുകയായിരുന്ന കാർ ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയും ദിവസങ്ങൾക്കു മുമ്പ് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ഉണ്ടായതും ഡിവൈഡർ മൂലമാണ്.
പൊന്നാനി ഭാഗത്ത് നിന്നുള്ള കൊടുംവളവിൽ ഡിവൈഡർ സ്ഥാപിച്ചിരിക്കുന്നതിനാൽ വാഹനങ്ങളുടെ ശ്രദ്ധയിൽ പെടാതെ ഡിവൈഡറിൽ ചെന്നിടിക്കുന്നതും അപകടങ്ങൾക്ക് കാരണമാണ്.
കൂടാതെ മുനമ്പം റോഡ് സംഗമിക്കുന്ന സ്ഥലമായതിനാൽ ഡിവൈഡറിനരികിലെത്തുമ്പോൾ മാത്രമാണ് തീരെ ഉയരം കുറഞ്ഞ ഡിവൈഡർ ശ്രദ്ധയിൽ പെടുന്നത്. പ്രദേശത്ത് ആവശ്യമായ സുരക്ഷാ റിഫ്ലക്ടറുകളോ സിഗ്നലുകളോ ഇല്ലാത്തതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. സൂചന ബോർഡുകൾ പ്രദേശത്ത് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.
പൊന്നാനി: പൊന്നാനി-ചാവക്കാട് ദേശീയപാതയിലെ പുതുപൊന്നാനിയിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം. തിങ്കളാഴ്ച പുലർച്ച മൂന്നുമണിയോടെയാണ് അപകടം. കർണാടകയിൽനിന്ന് പെരുമ്പാവൂരിലേക്ക് ചുക്ക് കയറ്റിവരുകയായിരുന്ന ലോറിയും എറണാംകുളത്തുനിന്നും സ്പെയർ പാർട്സുമായി കണ്ണൂരിലേക്ക് പോകുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.
എറണാംകുളത്തുനിന്ന് പോവുകയായിരുന്ന പാർസൽ ലോറി നിയന്ത്രണംവിട്ട് എതിർദിശയിൽനിന്ന് വന്ന ലോറിയിലിടിക്കുകയും തുടർന്ന് സമീപത്തെ വീട്ടുമുറ്റത്തെ മതിലിൽ ഇടിച്ചുനിൽക്കുകയും ചെയ്തു. അപകടത്തിൽ ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു. ആർക്കും പരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.