പൊന്നാനി: സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം ടി.എം സിദ്ദീഖിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയ നടപടിയിൽ പ്രതിഷേധവുമായി ഏരിയ കമ്മിറ്റി അംഗങ്ങളും. പൊന്നാനി ഏരിയ സമ്മേളന ഭാഗമായി എസ്.ബി ഓഡിറ്റോറിയത്തിൽ നടന്ന സ്വാഗതസംഘം യോഗത്തിൽനിന്ന് ഏരിയ കമ്മിറ്റി അംഗങ്ങളും ലോക്കൽ സെക്രട്ടറിമാരും വിട്ടുനിന്നത് പ്രതിഷേധ സൂചകമായാണെന്നാണ് പറയുന്നത്.
പെരുമ്പടപ്പ് ലോക്കൽ സെക്രട്ടറി എം. സുനിൽ, വെളിയങ്കോട് ലോക്കൽ സെക്രട്ടറി ആറ്റുണ്ണി തങ്ങൾ, എരമംഗലം ലോക്കൽ സെക്രട്ടറി സുനിൽ കാരട്ടേൽ, മാറഞ്ചേരി ലോക്കൽ സെക്രട്ടറി വി.വി. സുരേഷ്, ഏരിയ സെൻറർ അംഗം ഇ.ജി. നരേന്ദ്രൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ എൻ.കെ. ഹുസൈൻ, എൻ.കെ. സൈനുദ്ദീൻ, ഷിനീഷ് കണ്ണത്ത് തുടങ്ങി നിരവധി പേരാണ് വിട്ടുനിന്നത്. സിദ്ദീഖിനെതിരെ ഏകപക്ഷീയ നടപടിയാണ് സ്വീകരിച്ചതെന്നാണ് ഒരുവിഭാഗം നേതാക്കളും പ്രവർത്തകരും പറയുന്നത്. പി. ശ്രീരാമകൃഷ്ണനെതിരെ അന്വേഷണ കമീഷന് മുന്നിൽ നിരവധി തെളിവുകൾ നൽകിയിട്ടും ഇവ ഗൗനിക്കാതെ ടി.എം. സിദ്ദീഖിനെതിരെ നടപടി സ്വീകരിച്ചത് ഇരട്ടത്താപ്പാണെന്നാണ് ആക്ഷേപം.
ഇതിനിടെ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ബ്രാഞ്ച് കമ്മിറ്റി യോഗങ്ങളിൽ ചില അംഗങ്ങൾ നടപടിയെക്കുറിച്ച് വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും കമ്മിറ്റി ചുമതലയുള്ളവർ ഒഴിഞ്ഞുമാറുകയായിരുന്നു. ലോക്കൽ സമ്മേളനങ്ങളിൽ ഇക്കാര്യം സജീവമായി ഉന്നയിക്കാനാണ് ഒരുവിഭാഗത്തിെൻറ തീരുമാനം. പ്രതിഷേധ ഭാഗമായി കഴിഞ്ഞ ദിവസം കർഷക സംഘം വെളിയങ്കോട് പഞ്ചായത്ത് കൺവെൻഷൻ മാറ്റിവെച്ചിരുന്നു. എന്നാൽ, നടപടി ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യുന്നത് വരെ പരസ്യപ്രതികരണം നടത്തേണ്ടെന്ന നിലപാടിലാണ് ടി.എം. സിദ്ദീഖ്. അതേസമയം, സ്വാഗതസംഘം യോഗത്തിൽ ഏരിയ കമ്മിറ്റി അംഗങ്ങൾ പങ്കെടുക്കാത്തതിൽ അസ്വാഭാവികതയില്ലെന്നും, പൊന്നാനി നഗരം എൽ.സിക്ക് കീഴിലുള്ള ബ്രാഞ്ച് സെക്രട്ടറിമാരുൾപ്പെടെ യോഗത്തിൽ പങ്കെടുത്തതായും ഏരിയ സെക്രട്ടറി അഡ്വ. പി.കെ. ഖലീമുദ്ദീൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.