പൊന്നാനി: രണ്ടര വർഷം കൊണ്ട് നിള പൈതൃക മ്യൂസിയം നിർമാണം പൂർത്തീകരിക്കുമെന്നായിരുന്നു ആദ്യ വാഗ്ദാനം. പിന്നീട് 2020 കേരളപ്പിറവി ദിനത്തിൽ ഉദ്ഘാടനം ചെയ്യുമെന്നായി. മുൻ എം.എൽ.എയും സ്പീക്കറുമായ പി. ശ്രീരാമകൃഷ്ണൻ പലതവണ ഉദ്ഘാടനം ഉടനുണ്ടാകുമെന്ന് ഉറപ്പു നൽകി.
നിലവിലെ എം.എൽ.എ പി. നന്ദകുമാറും നിർമാണം ഉടൻ പൂർത്തിയാക്കുമെന്ന് വാഗ്ദാനം നൽകി. ഇതിനിടെ ഒരു വർഷം മുമ്പ് സ്ഥലം സന്ദർശിച്ച ടൂറിസം മന്ത്രി മുഹമ്മദ് റിയാസും ഉറപ്പ് നൽകി, നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ പൈതൃക മ്യൂസിയം നാടിന് സമർപ്പിക്കുമെന്ന്. എന്നാൽ, ഉറപ്പുകളെല്ലാം വെള്ളത്തിൽ വരച്ച വരപോലെയായി.
നിള പൈതൃക മ്യൂസിയത്തിന്റെ മെല്ലെപ്പോക്കിൽ എം.എൽ.എ ഉദ്യോഗസ്ഥരെ പഴിചാരിയെങ്കിലും തുടർ പ്രവർത്തനങ്ങൾക്കുള്ള നടപടി ഒന്നുമായില്ല. പദ്ധതിയിൽ പലപ്പോഴായി മാറ്റങ്ങൾ വരുത്തിയതാണ് കാലതാമസത്തിനിടയാക്കിയത്.
ഇറിഗേഷൻ വകുപ്പിന്റെ ഭൂമി വിട്ടുകിട്ടുന്നതിനുള്ള കടമ്പയും മറികടക്കാനായിട്ടില്ല. സ്പീക്കറുടെ എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍നിന്ന് രണ്ടര കോടിയും ടൂറിസം വകുപ്പില്‍നിന്ന് അഞ്ചര കോടിയും ചെലവഴിച്ചാണ് മ്യൂസിയം നിര്‍മിച്ചത്. 2016ലാണ് നിർമാണം ആരംഭിച്ചത്.
പ്രവൃത്തി എന്ന് പൂർത്തീകരിക്കുമെന്ന് നിർമാണ കമ്പനിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോഓപറേറ്റിവ് സൊസൈറ്റിക്കും ഉറപ്പില്ലാത്ത സ്ഥിതിയാണ്. നിളയുടെ തീരത്തെ സൈനുദ്ദീൻ മഖ്ദൂമും, എഴുത്തച്ഛനും, പൂന്താനവുമുൾപ്പെടെയുള്ളവരുടെ സമ്മിശ്ര ഭാവങ്ങളുടെ സങ്കലനം പുതുതലമുറക്ക് ഇവിടെ അനുവേദ്യമാകുമെന്നാണ് പറയുന്നതെങ്കിലും നിർമാണം നിലച്ച മട്ടാണ്. ഖവ്വാലി കോർണറിനായി പഴയകാല പായ്ക്കപ്പൽ മാതൃക സൃഷ്ടിച്ചെങ്കിലും ഇത് തുരുമ്പെടുത്ത് നശിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.