പൊന്നാനി: ഡീസൽ വില വർധനവിലും ഫിഷിങ് റെഗുലേഷൻ ആക്ടിലും ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതിനെത്തുടർന്ന് മത്സ്യബന്ധന ബോട്ടുകൾ കൂട്ടത്തോടെ പൊളിക്കുന്നു. അഞ്ചുവർഷത്തിനകം ജില്ലയിൽ 50ഓളം ബോട്ടുകളാണ് പൊളിച്ചുമാറ്റിയത്. പൊന്നാനി ഹാർബറിൽ മാത്രം ഇത്തവണ എട്ട് ബോട്ടുകളാണ് പൊളിച്ചത്. പൊന്നാനി, താനൂര്‍, പരപ്പനങ്ങാടി എന്നിവിടങ്ങളിലെ ഹാര്‍ബറുകളിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 50ഓളം ബോട്ടുകളാണ് പൊളിച്ചത്.
നഷ്ടം ഏറെ സംഭവിക്കുന്ന ചെറിയ മരബോട്ടുകളാണ് പൊളിക്കുന്നതിൽ ഭൂരിഭാഗവും. ഡീസൽ വില വർധന കുത്തനെ ഉയർന്നിട്ടും, മറ്റു സംസ്ഥാനങ്ങളിലേതുപോലെ സബ്സിഡി നൽകാൻ സംസ്ഥാന സർക്കാർ തയാറാവുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി.
കൂടാതെ മത്സ്യബന്ധന യാനങ്ങൾക്ക് നൽകുന്ന ഡീസൽ വിലയിൽ റോഡ് സെസും മറ്റു നികുതികളും ഏർപ്പെടുത്തുന്നതും ഈ മേഖലയെ തളർച്ചയിലാക്കി. ഫിഷിങ് റെഗുലേഷൻ ആക്ട് ഭേദഗതിയുടെ പേരിൽ ലക്ഷങ്ങളും പതിനായിരങ്ങളും പിഴ ചുമത്തുന്നത് ബോട്ടുടമകൾക്ക് ഭാരിച്ച സാമ്പത്തിക ബാധ്യതയാണ് വരുത്തുന്നത്.
മത്സ്യലഭ്യത കുറഞ്ഞ സീസണിലും, ഇത്തരത്തിൽ പിഴ ചുമത്തുന്നതുമൂലം വലിയ നഷ്ടമാണ് ഉണ്ടാകുന്നത്. 12 മുതൽ 15 വർഷം പഴക്കമുള്ള ബോട്ടുകളുടെ രജിസ്ട്രേഷൻ പുതുക്കി നൽകാത്തതും മേഖലയെ പ്രതിസന്ധിയിലാക്കുന്നു. ഇതിനാൽ നിരവധി മത്സ്യ ബന്ധനയാനങ്ങൾ പൊളിച്ചുകളയേണ്ട ഗതികേടിലാണ് ബോട്ടുടമകൾ. മത്സ്യലഭ്യത കുറഞ്ഞതും ലഭിക്കുന്ന മത്സ്യത്തിന് വിപണയിൽ വില ലഭിക്കാത്തതും തീരദേശ മേഖലയെ പട്ടിണിയിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.