പൊന്നാനി: പൊന്നാനി കർമ റോഡരികിലെ ഭാരതപ്പുഴയിൽ സർവിസ് നടത്തുന്ന ഉല്ലാസബോട്ടുകളിൽ സുരക്ഷ സംവിധാനങ്ങൾ കാര്യക്ഷമമല്ലെന്ന് അഗ്നിരക്ഷ സേനയുടെ റിപ്പോർട്ട്. ബോട്ടുകളിൽ തീപിടിത്തമുണ്ടായാൽ അണക്കാനുള്ള സംവിധാനങ്ങൾ പേരിന് മാത്രമാണെന്നും അനുവദിച്ചതിലേറെ യാത്രക്കാരെ കയറ്റുന്നത് അപകടങ്ങൾക്കിടയാക്കുമെന്നുമാണ് റിപ്പോർട്ടിലുള്ളത്. ഒരുമാസം മുമ്പ് ഹാർബറിൽ നിർത്തിയിട്ട മത്സ്യബന്ധന ബോട്ടിൽ തീപിടിത്തമുണ്ടായതിനെത്തുടർന്ന് ഫയർഫോഴ്സ് ജില്ല മേധാവി പൊന്നാനിയിലെ മത്സ്യ ബന്ധന, ഉല്ലാസ ബോട്ടുകളുടെ സുരക്ഷയെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്. റിപ്പോർട്ട് അഗ്നിരക്ഷ സേന നഗരസഭക്കും റവന്യൂ വിഭാഗത്തിനും കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭാരതപ്പുഴയിൽ സർവിസ് നടത്തുന്ന ഉല്ലാസ ബോട്ടുകളുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ നഗരസഭ ചെയർമാന്റെ അധ്യക്ഷതയിൽ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. നഗരസഭ, തുറമുഖ-റവന്യൂ വകുപ്പുകൾ, അഗ്നിരക്ഷ സേന, പൊലീസ് ഉദ്യോഗസ്ഥരുടെ യോഗമാണ് ചേർന്നത്.
സഞ്ചാരികൾക്ക് ആവശ്യമായ ജീവൻരക്ഷ സംവിധാനങ്ങൾ കർശനമായി ഏർപ്പെടുത്താൻ നിർദേശം നൽകാൻ തീരുമാനിച്ചു. കടവുകളിൽ ലൈഫ് ഗാർഡിനെ നിയോഗിക്കും. ഡ്രൈവർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് പരിശീലനം നൽകാൻ തുറമുഖ വകുപ്പിനെ ചുമതലപ്പെടുത്തി. ബോട്ട് ഉടമകളുടെയും ബന്ധപ്പെട്ടവരുടെയും യോഗം വിളിക്കും. നിളയോര പാതയിലെത്തുന്ന സഞ്ചാരികൾ അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നത് കർശനമായി നിരോധിക്കും.
ഇതിനായി നഗരസഭയുടെ ഗ്രീൻ ഗാർഡുകളെ നിയോഗിക്കും. സഞ്ചാരികൾക്ക് ടോയ്ലറ്റ് സംവിധാനം, ടൂറിസ്റ്റ് ഗൈഡൻസ് സെന്റർ എന്നിവ നിർമിക്കാൻ തുറമുഖ വകുപ്പിനോട് ആവശ്യപ്പെട്ടു. അല്ലെങ്കിൽ അവ നിർമിക്കാനാവശ്യമായ സ്ഥലം നഗരസഭക്ക് വിട്ടുനൽകുന്നതിന് അനുമതി നൽകാനുള്ള നടപടികൾക്ക് ശിപാർശ ചെയ്യാനും ധാരണയായി. പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. സജിറൂൻ, പോർട്ട് കൺസർവേറ്റർ വി.വി. പ്രസാദ്, ഡെപ്യൂട്ടി തഹസിൽദാർ ടി. സുജിത്ത്, ഫയർ സ്റ്റേഷൻ പ്രതിനിധി എ.എം. ഫാഹിദ്, പൊലീസ് പ്രതിനിധി രാധിക തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.