പൊന്നാനി: പൊന്നാനിയിൽ ഫിഷറീസ് സർവകലാശാലയുടെ ഗവേഷണ കേന്ദ്രം നിർമിക്കാൻ തീരുമാനം. നിർദിഷ്ട പൊന്നാനി മറൈൻ മ്യൂസിയം ഫിഷറീസ് സർവകലാശാല ഏറ്റെടുത്താകും ഗവേഷണ കേന്ദ്രം ആരംഭിക്കുക. മത്സ്യബന്ധന മേഖലക്ക് സഹായകമാകുന്ന തരത്തിൽ ഫിഷറീസ് സർവകലാശാലയുടെ ഗവേഷണ കേന്ദ്രമായാണ് മറൈൻ മ്യൂസിയത്തെ മാറ്റുക. അന്തർദേശീയ മാതൃകയിലുള്ള മറൈൻ മ്യൂസിയവും സർവകലശാല ഒരുക്കും.
മറൈൻ മ്യൂസിയം ഫിഷറീസ് സർവകലാശാല ഏറ്റെടുക്കണമെന്ന പി. നന്ദകുമാർ എം.എൽ.എയുടെ അഭ്യർഥനയെ തുടർന്ന് സർവകലാശാല വൈസ് ചാൻസലർ ഡോ. റിജി ജോൺ പൊന്നാനി ഈശ്വരമംഗലത്തെ ചമ്രവട്ടം പ്രോജക്ട് ഓഫിസ് കോമ്പൗണ്ടിൽ നിർമിക്കുന്ന മ്യൂസിയത്തിെൻറ കെട്ടിടം സന്ദർശിച്ചു. മ്യൂസിയം സർവകലാശാല ഏറ്റെടുക്കുന്നതിൽ സന്നദ്ധത അറിയിക്കുകയും ചെയ്തു. ഗവേഷണ കേന്ദ്രമാണ് ആദ്യഘട്ടത്തിൽ ഒരുക്കുക. പൊന്നാനിയുടെ പ്രാദേശിക സാഹചര്യങ്ങൾക്ക് അനുസൃതമായുള്ള ഗവേഷണങ്ങളായിരിക്കും നടക്കുക. ഉൾനാടൻ മത്സ്യകൃഷി, മത്സ്യമേഖലയിലെ മുല്യവർധിത ഉൽപന്നങ്ങളുടെ നിർമാണം, മത്സ്യ സംസ്കരണത്തിന് പ്രാദേശിക ഗ്രൂപ്പുകളെ പ്രാപ്തമാക്കൽ, ഹാച്ചറികൾ ഒരുക്കൽ എന്നിവ ഗവേഷണ കേന്ദ്രത്തിനുകീഴിൽ നടപ്പാക്കാനാകും. മത്സ്യ ബന്ധന രംഗത്തെ ആധുനിക സാധ്യതകളെ മത്സ്യത്തൊഴിലാളികളിലേക്ക് എത്തിക്കാൻ സഹായകമാകുന്ന തരത്തിലായിരിക്കും ഗവേഷണ കേന്ദ്രം ഒരുക്കുകയെന്ന് വൈസ് ചാൻസലർ പറഞ്ഞു.
അന്തർദേശീയ മാതൃകയിൽ മറൈൻ മ്യൂസിയത്തിെൻറ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് ഏഴ് വർഷത്തിലേറെ ആയെങ്കിലും തുടർച്ചയായ സാങ്കേതിക കാരണങ്ങളാൽ പദ്ധതി പൂർത്തിയാകുന്നത് അനിശ്ചിതമായി നീണ്ടുപോകുകയായിരുന്നു. കെട്ടിടം നിർമാണം മുക്കാൽ ഭാഗത്തോളം പൂർത്തിയായിട്ടുണ്ട്. കരാർ തുക വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കങ്ങളുള്ളതിനാൽ കുറേ മാസങ്ങളായി നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നില്ല. പദ്ധതി അനിശ്ചിതമായി നീണ്ടുപോകുന്ന സാഹര്യത്തിലാണ് പദ്ധതി ഏറ്റെടുക്കാൻ ഫിഷറീസ് സർവകലാശാലയെ സമീപിച്ചത്. പത്തേക്കർ സ്ഥലമുണ്ടെങ്കിൽ ഫിഷറീസ് കോളജ് അനുവദിക്കാൻ തടസ്സമില്ലെന്ന് വൈസ് ചാൻസർ വ്യക്തമാക്കി. പൊന്നാനി ഫിഷിങ് ഹാർബറിൽനിന്ന് പത്തേക്കർ സ്ഥലം ലഭ്യമാക്കാനാകുമെന്ന് എം.എൽ.എ അറിയിച്ചു. ചർച്ചയിൽ മുൻ നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, ഫിഷറീസ് സർവകലാശാല സെനറ്റ് അംഗം അഡ്വ. പി.കെ. ഖലീമുദ്ദീൻ, ഐ.സി.എസ്.ആർ കോ ഓഡിനേറ്റർ പ്രഫ. ടി.വൈ അരവിന്ദാക്ഷൻ എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.