പൊന്നാനിയിൽ കടൽഭിത്തി നിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം

കടൽഭിത്തിയില്ലാതെ ദുരിതം; മനുഷ്യ ഭിത്തിയുമായി തീരദേശവാസികൾ  

പൊന്നാനി: പിന്നിൽ വീശിയടിക്കുന്ന തിരമാലകൾ, മുന്നിൽ കടൽ കവർന്ന വീടുകൾ. ഇതിനിടയിൽ കടൽഭിത്തി ഇല്ലാത്തയിടങ്ങളിൽ മനുഷ്യ ഭിത്തി നിർമ്മിച്ച് മത്സ്യത്തൊഴിലാളികൾ രംഗത്ത്. കടൽഭിത്തിയുടെ അഭാവം മൂലം നിരവധി വീടുകൾ കടലെടുത്തിട്ടും നടപടിയില്ലാത്തതിനെത്തുടർന്നാണ് കടലിലിറങ്ങി വേറിട്ട പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികൾ രംഗത്തെത്തിയത്.

കടലാക്രമണ ബാധിത മേഖലയായ പൊന്നാനി ഹിളർ പള്ളിക്ക് സമീപമാണ് നാട്ടുകാർ പ്രതിഷേധ മനുഷ്യ ഭിത്തി നിർമ്മിച്ചത്. ഹിളർ പള്ളി മേഖലയിൽ ഒരാഴ്ചക്കിടെ നിരവധി വീടുകളാണ് കടലെടുത്തത്. ഏറെ വീടുകൾ തകർച്ച ഭീഷണിയിലുമാണ്. കടൽഭിത്തിയില്ലാത്ത സ്ഥലങ്ങളിലെ വീടുകളാണ് നേരിയ കടൽക്ഷോഭത്തിൽ പോലും തകരുന്നത്. കടൽഭിത്തി നിർമ്മിക്കുമെന്ന വാഗ്ദാനം പാഴ്വാക്കായതോടെ പ്രദേശവാസികളും ഏറെ ദുരിതത്തിലാണ്.

തകർന്ന വീടുകൾക്ക് നാമമാത്രമായ സാമ്പത്തിക സഹായമാണ് ലഭിക്കുന്നത്. വർഷങ്ങളായി അധികാരികളുടെ ശ്രദ്ധയിൽ ഇക്കാര്യം പെടുത്തിയിട്ടും ഫലമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വീടുകൾ കൂട്ടത്തോടെ തകരുന്നത് പതിവായതോടെ ജനകീയ സമരങ്ങളുമായി രംഗത്തിറങ്ങാനാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം.

നേരത്തെ മേഖലയിലിട്ട ചെറിയ കല്ലുകൾ കടലാക്രമണത്തെ പ്രതിരോധിക്കാൻ പ്രാപ്തമല്ലെന്നാണ് പരാതി. വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ദുരിതബാധിതരെ അണിനിരത്തി ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകാനാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം. 

Tags:    
News Summary - fisherman protest in ponnani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.