പൊന്നാനി: മത്സ്യബന്ധന യാനങ്ങൾക്ക് ഇൻഷുറൻസ് നൽകാൻ കമ്പനികൾക്ക് മടി. ഫിഷറീസ് വകുപ്പ് ഇൻഷുറൻസ് നിർബന്ധമാക്കിയിട്ടും, ഇൻഷുറൻസ് കമ്പനികളുടെ നിസഹകരണം മൂലം വലയുകയാണ് മത്സ്യത്തൊഴിലാളികൾ. കടലിൽ അപകടങ്ങൾ പതിവാകുമ്പോഴും അപകടത്തിൽപ്പെടുന്ന മത്സ്യ ബന്ധന യാനങ്ങൾ ഭൂരിഭാഗവും ഇന്‍ഷുറന്‍സ് പരിരക്ഷക്ക് പുറത്താണ്. വർഷങ്ങൾക്ക് മുമ്പ് സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ നൽകിയിരുന്ന ഇൻഷുറൻസ് പാടെ നിർത്തലാക്കിയതാണ് തൊഴിലാളികളെ വെട്ടിലാക്കിയത്. ഇൻഷുറൻസ് പരിരക്ഷയില്ലാത്തതിനാല്‍ ജീവന് നഷ്ടമാകുന്ന തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരവും ലഭിക്കില്ലെന്നാണ് സർക്കാർ നിയമം.
ഭാരിച്ച പ്രീമിയം തുകയാണ് ഇന്‍ഷുറന്‍സ് കമ്പനികൾക്ക് നൽകേണ്ടതെങ്കിലും, ഇത് നൽകാൻ ബോട്ടുടമകൾ തയാറാണെങ്കിലും ഇൻഷുറൻസ് നൽകാൻ കമ്പനികൾക്ക് വിമുഖതയാണ്. ഇതിനാൽ ഒരുതരത്തിലുമുള്ള സാമ്പത്തിക പരിരക്ഷയുമില്ലാതെയാണ് പാവപ്പെട്ട തൊഴിലാളികള്‍ ഉള്‍ക്കടലിലേക്ക് പോകുന്നത്. മല്‍സ്യഫെഡ് നടപ്പിലാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നാമമാത്ര നഷ്ട പരിഹാരമാണ് ലഭിക്കുക. ഇതിൽ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് അംഗമാവാനാവില്ല. ഹാര്‍ബറിലെ തൊഴിലാളികളില്‍ വലിയൊരു ശതമാനം ഇതരസംസ്ഥാനക്കാരാണ്. ജീവന് നഷ്ടമായാല്‍ ബോട്ടുടമകള്‍ നല്കുന്ന തുകയല്ലാതെ കുടുംബത്തിന് മറ്റൊരാശ്വാസവുമില്ല. ഒരു ബോട്ടിന് ശരാശരി ഒന്നരക്കോടിയോളം രൂപ വില വരും. കുറേ ആളുകള്‍ ചേര്‍ന്നാണ് പലപ്പോഴും ഒരു ബോട്ടു വാങ്ങുന്നത്.
ബോട്ടിന്റെ വിലയുടെ പത്തുശതമാനമെങ്കിലും തുകയാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നത്.
സര്‍ക്കാറും ബോട്ടുടമകളും സംയുക്തമായുള്ള ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കണമെന്നാണ് ഉടമകളുടെ ആവശ്യം. അപകടത്തില്‍പ്പെട്ട ബോട്ടുകള്‍ പലപ്പോഴും പൂര്‍ണമായി തകരും. ഇതിന് ഉടനടി നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ബോട്ടുടമകള്‍ പറയുന്നു. നിലവില്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.