പൊന്നാനി: കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുള്ള തിരച്ചിലിനിടെ കടലിൽനിന്ന് കണ്ടുകിട്ടിയത് നിരോധിത പുകയില ഉൽപന്നങ്ങളുടെ ചാക്കുകൾ. മൂന്ന് ചാക്കിലായി സൂക്ഷിച്ച ഹാൻസ് പാക്കറ്റുകളാണ് കണ്ടെടുത്തത്. ഇവ കരയിലെത്തിച്ച് എക്സൈസിെൻറ നിർദേശപ്രകാരം നശിപ്പിച്ചു.
ദിവസങ്ങൾക്ക് മുമ്പ് മത്സ്യബന്ധനത്തിനിടെ കടലിൽ അപകടത്തിൽപെട്ട് കാണാതായ തൊഴിലാളികൾക്ക് വേണ്ടി മത്സ്യബന്ധന ബോട്ടുകളിൽ തൊഴിലാളികൾ തിരച്ചിൽ നടത്തുന്നതിനിടെയാണ് കടലിൽ ഒഴുകിനടക്കുന്ന നിലയിൽ ഹാൻസ് ചാക്കുകൾ കണ്ടെത്തിയത്. തിരച്ചിലിനിറങ്ങിയ ബുഷ്റ എന്ന ബോട്ടിലെ മത്സ്യത്തൊഴിലാളികളാണ് ചാക്കുകൾ കടലിൽ ഒഴുകുന്നത് കണ്ടത്.
തുടർന്ന് മൂന്ന് ചാക്കുകൾ പൊക്കിയെടുത്ത് പരിശോധിച്ചപ്പോഴാണ് നിരോധിത പുകയില ഉൽപന്നമായ ഹാൻസാണെന്ന് മനസ്സിലായത്. ഒന്നര ലക്ഷം രൂപ വിലവരുന്ന ഹാൻസാണിത്. മൂന്ന് ചാക്കുകളിലുമായി 30 എണ്ണം വരുന്ന 50 കെട്ടാണുണ്ടായിരുന്നത്. തുടർന്ന് മത്സ്യത്തൊഴിലാളികൾ എക്സൈസിനെ ബന്ധപ്പെടുകയും ഇവരുടെ നിർദേശപ്രകാരം കരയിലെത്തിച്ച് നശിപ്പിക്കുകയും ചെയ്തു. പൂളക്കൽ ബാബു, സിദ്ദീഖ്, കോയ, അബ്ദുല്ലത്തീഫ്, കെ. റസാഖ്, ബദറു, റസാഖ്, സക്കീർ എന്നിവരുടെ നേതൃത്വത്തിലാണ് ഹാൻസ് ചാക്കുകൾ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.