പൊന്നാനി: ആരോഗ്യമുള്ള പൊതുസമൂഹത്തെ വാർത്തെടുക്കുന്നതിന്റെ ഭാഗമായായി പൊന്നാനി നഗരസഭയിലെ ബിയ്യം പാർക്കിന് സമീപത്ത് ഹെൽത്ത് പാർക്ക് സ്ഥാപിക്കുന്നു. മുൻ എം.പി ഇ.ടി. മുഹമ്മദ് ബഷീറിന്റെ എം.പി ഫണ്ടിൽ നിന്നും 7.30 ലക്ഷം രൂപ ചെലവിലാണ് പാർക്ക് നിർമിക്കുന്നത്. രാവിലെയും വൈകുന്നേരങ്ങളിലും സവാരിക്കായി നിരവധി പേർ എത്തുന്ന ബിയ്യം കേന്ദ്രീകരിച്ചാണ് പദ്ധതി. നടത്തത്തോടൊപ്പം ലഘു ഉപകരണങ്ങൾ ഉപയോഗിച്ച് വ്യായാമം ചെയ്യാനും ഇതുവഴി സാധിക്കും.
ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് കായൽ കാറ്റേറ്റ് വ്യായാമത്തിനുള്ള അവസരം ഒരുക്കിയിരിക്കുന്നത്. പദ്ധതിക്കായുള്ള ടെൻഡർ ലഭ്യമായി. സർക്കാർ ഏജൻസിയായ സ്റ്റീൽ ഇൻഡസ്ട്രിയൽ കേരള ലിമിറ്റഡ് (സിൽക്ക്)നാണ് നിർമാണ ചുമതല. വ്യായാമ ഉപകരണങ്ങളായ സീറ്റഡ് പുള്ളർ, ട്വിസ്റ്റർ, ഹോഴ്സ് റൈഡർ, എയർ വാക്കർ, ചെസ്റ്റ് പ്രസ്, സ്കൈ വാക്കർ, ലെഗ് പ്രസ് എന്നിവ സ്ഥാപിക്കും. പ്രഭാത സവാരിക്കായി പ്രത്യേക നടപ്പാതയും സജ്ജമാക്കും. പദ്ധതിക്കായി പൊന്നാനി നഗരസഭ കൗൺസിൽ യോഗം അംഗീകാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.