പൊന്നാനി: ബുധനാഴ്ച അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനത്തിന് തുടക്കമാകുമ്പോള്‍ പൊന്നാനിയിലെ ബോട്ടുടമകളുടെ നെഞ്ചില്‍ ആധിയാണ്.
കടല്‍ കനക്കുമ്പോള്‍ അഴിമുഖത്തുണ്ടാകുന്ന ശക്തമാകുന്ന തിരയിളക്കത്തില്‍ ബോട്ടുകള്‍ തകരുമെന്ന ഭീതിയിലാണ് മത്സ്യത്തൊഴിലാളികള്‍. ചെറുതും വലുതുമായി പൊന്നാനി ഹാര്‍ബറില്‍ നങ്കൂരമിടുന്ന 200ലധികം ബോട്ടുകള്‍ക്ക് നിര്‍ത്തിയിടാന്‍ സുരക്ഷിത സ്ഥാനമില്ലാത്തതാണ് ബോട്ടുടമകള്‍ക്ക് പ്രയാസമായി തീരുന്നത്. തെക്കന്‍ ജില്ലകളില്‍ മത്സ്യബന്ധനം കഴിഞ്ഞ ബോട്ടുകള്‍ കടലോരത്തെ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലാണ് നങ്കൂരമിടുന്നതെങ്കിലും പൊന്നാനി ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളില്‍ ഇതിന് സൗകര്യമില്ല.
മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചെത്തുന്ന ബോട്ടുകള്‍ മീന്‍ ഹാര്ബറിലിറക്കിയ ശേഷം വാര്‍ഫില്‍നിന്ന് മാറ്റിയിടണമെന്നാണ് നിര്‍ദേശമെങ്കിലും സ്ഥലസൗകര്യമില്ലാത്തതിനാല്‍ ഇത് പലപ്പോഴും നടപ്പാകുന്നില്ല.
ഹാര്‍ബര്‍ അഴിമുഖത്തിന് തൊട്ടടുത്തു തന്നെയായതിനാല്‍ ശക്തമായ തിരയിളക്കമാണ് പലപ്പോഴും ഇവിടെയുണ്ടാകുന്നത്. ഇതുമൂലം തൊട്ടടുത്ത് നിര്‍ത്തിയിട്ട ബോട്ടുകളിലും വാര്‍ഫിലും തട്ടി ബോട്ടുകള്‍ക്ക് കേടുപാട് സംഭവിക്കുന്നത് പതിവാണ്. കഴിഞ്ഞ ദിവസം ബോട്ട് വാര്‍ഫില്‍ തട്ടി ബോട്ടുകള്‍ കെട്ടിയിടുന്ന കുറ്റിയുള്പ്പെടെ തകരുകയും ചെയ്തിരുന്നു. കൂടാതെ പുതുതായി പടിഞ്ഞാറ് ഭാഗത്ത് നിർമിച്ച വാര്‍ഫിലേക്ക് വലിയ ബോട്ടുകള്‍ കയറ്റിയിടാന്‍ കഴിയാത്ത സ്ഥിതിയാണ്.
വേലിയിറക്ക സമയങ്ങളില്‍ പുഴയില്‍ മണല്‍ തിട്ടകള്‍ രൂപപ്പെടുന്നതിനാല്‍ ബോട്ടുകള്‍ മണലിലിടിച്ച് ചെരിയുന്നതായും ബോട്ടുടമകള്‍ പറയുന്നു. പതിറ്റാണ്ടുകള്‍ക്കു മുമ്പാണ് പൊന്നാനി ഹാര്‍ബറില്‍ കാര്യമായ ഡ്രഡ്ജിങ് നടന്നത്.
പിന്നീട് അഴിമുഖത്ത് പലയിടങ്ങളിലും മണല്‍ത്തിട്ടകള്‍ രൂപപ്പെട്ടെങ്കിലും ഇതു നീക്കാന്‍ ഇതുവരെ നടപടിയായില്ല.
മണല്‍ത്തിട്ടകള്‍ ഡ്രഡ്ജ് ചെയ്ത് മാറ്റിയാല്‍ മാത്രമേ ഈ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാവുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.