പൊന്നാനി: നഗരസഭ പരിധിയിൽ അനധികൃത ഓട്ടോ സർവിസുകൾക്ക് നിയന്ത്രണം വരുത്തുന്നതിന്‍റെ ഭാഗമായി ഓട്ടോറിക്ഷകൾക്ക് തിരിച്ചറിയൽ നമ്പർ നൽകി തുടങ്ങി. നഗര പരിധിയിൽ ഇൻഷുറസും പെർമിറ്റുമില്ലാതെ നിരവധി ഓട്ടോറിക്ഷകൾ സർവിസ് നടത്തുന്നുവെന്ന പരാതിയെ തുടർന്നാണ് നഗരത്തിൽ പെർമിറ്റുള്ള ഓട്ടോറിക്ഷകൾക്ക് പ്രത്യേക നമ്പർ പൊലീസ് അനുവദിച്ചു തുടങ്ങിയത്.
അയൽ പഞ്ചായത്തുകളിൽനിന്ന് പോലും രേഖകളില്ലാത്ത വാഹനങ്ങൾ പൊന്നാനിയിൽ സർവിസ് നടത്തുന്നത് മൂലം രേഖകളുള്ള ഓട്ടോറിക്ഷകൾക്ക് ഓട്ടം കുറവാണെന്നും പരാതി ഉയർന്നിരുന്നു. രാത്രി ഓട്ടോറിക്ഷകളിൽ കയറുന്ന സ്ത്രീകളുൾപ്പെടെയുള്ളവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും കൂടിയാണ് സ്റ്റേഷൻ നമ്പർ നൽകിയത്.
ഇതിന്‍റെ ഭാഗമായി കഴിഞ്ഞ രണ്ട് മാസമായി പൊന്നാനി നഗരസഭയിലെ മുഴുവൻ ഓട്ടോറിക്ഷയേയും ഘട്ടം ഘട്ടമായി പൊലീസ് വിളിച്ചു വരുത്തി. ഇൻഷുറസ്, പെർമിറ്റ്, ഫിറ്റ്നസ്, ആർ.സി എന്നിവ പരിശോധിച്ച് ഇവ ശരിയായിട്ടുള്ള മുഴുവൻ ഓട്ടോകൾക്കും സ്റ്റേഷൻ നമ്പർ നൽകുകയും ഇത് ഡിജിറ്റലൈസ് ചെയ്യുകയും ചെയ്തു.
ഓട്ടോറിക്ഷകൾ വഴി ഉണ്ടാകുന്ന കുറ്റകൃത്യങ്ങൾ പൊന്നാനിയിൽ കുറക്കാൻ ഈ നടപടി പര്യാപ്തമാകുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ. നഗരത്തിലെ 583 ഓട്ടോറിക്ഷകൾക്കാണ് ആദ്യഘട്ടത്തിൽ സ്റ്റിക്കർ നൽകിയത്. രജിസ്ട്രേഷൻ നമ്പർ, സീരിയൽ നമ്പർ എന്നിവ ഉൾപ്പെട്ട സ്റ്റിക്കറുകളാണ് ഓട്ടോറിക്ഷകളിൽ പതിക്കുക.
സ്റ്റേഷൻ സ്റ്റിക്കർ വിതരണ ചടങ്ങ് പൊന്നാനി എസ്.എച്ച്.ഒ വിനോദ് വലിയാറ്റൂർ ഉദ്ഘാടനം ചെയ്തു. പൊന്നാനി ജോയന്‍റ് ആർ.ടി.ഒ ശങ്കരൻ പിള്ള മുഖ്യാതിഥിയായിരുന്നു. പി.വി. ലത്തീഫ് അധ്യക്ഷത വഹിച്ചു. സി.പി.ഒ സുനീഷ്, അലി കാസിം, എം.പി. നിസാർ, രതീഷ്, പി.പി. മുജീബ് റഹ്മാൻ, അൻസാർ പുഴമ്പ്രം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.