പൊന്നാനി: പൊന്നാനി താലൂക്കിൽ ദിവസങ്ങളായി തുടരുന്ന കടൽക്ഷോഭം തിങ്കളാഴ്ച രൂക്ഷമായി. പതിനഞ്ചോളം വീടുകൾ ഭാഗികമായി തകർന്നു. അമ്പതിലധികം വീടുകളിലേക്ക് വെള്ളം കയറി.നിരവധി ചെറു റോഡുകൾ വെള്ളത്തിൽ മുങ്ങി. പൊന്നാനി മുറിഞ്ഞഴി, മരക്കടവ്, അലിയാർ പള്ളി, മുറിഞ്ഞഴി, ഹിളർ പള്ളി പരിസരം, മൈലാഞ്ചിക്കാട്, വെളിയങ്കോട് തണ്ണിത്തുറ, പത്ത് മുറി, പാലപ്പെട്ടി അജ്മീർ നഗർ, കാപ്പിരിക്കാട് എന്നിവിടങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്.
വീടുകൾക്കുള്ളിലേക്ക് മണലും വെള്ളവും അടിച്ചു കയറിയതിനാൽ താമസിക്കാൻ കഴിയാതെയായി. മുക്കാടി-മരക്കടവ് റോഡ് അടക്കമുള്ള റോഡുകളും വെള്ളത്തിൽ മുങ്ങി. കടൽ വെള്ളം ഇരച്ചുകയറുന്നതിന് പുറമെ പ്രദേശത്ത് വെള്ളക്കെട്ടും രൂക്ഷമാണ്. തീരത്തെ മിക്ക വീടുകളും വെള്ളക്കെട്ടിലാണ് തീരത്ത് കുടിവെള്ളക്ഷാമം രൂക്ഷമാണ്.
കടൽഭിത്തി ഇല്ലാത്തത് മൂലം നിരവധി വീടുകളും തെങ്ങുകളും കടലാക്രമണത്തിൽ നഷ്ടമായി. പുനർഗേഹം പദ്ധതിയുടെ ഭാഗമായി വീട് ലഭിച്ചവർ ഉപേക്ഷിച്ച തീരദേശ മേഖലയിലെ വീടുകൾ പൂർണമായും കടലെടുത്തു. ഇപ്പോൾ തീരദേശ റോഡും കടന്ന് എതിർവശത്തെ വീടുകളിലേക്കാണ് വെള്ളം ഇരച്ചു കയറുന്നത്. വീടുകൾ പൂർണമായി തകർന്നതിന്‍റെ ഭാഗമായി മത്സ്യത്തൊഴിലാളികൾ അത്യാവശ്യ അവശ്യവസ്തുക്കളുമായി ബന്ധു വീടുകളിലേക്ക് താമസം മാറി.
വെളിയങ്കോട് പത്ത് മുറിയിൽ തോട് കടലെടുത്തു
വെളിയങ്കോട്: വെളിയങ്കോട് പത്ത്മുറിയിൽ തോട് കടലെടുത്തു. ഇതോടെ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമായി. ഇരുപതോളം കുടുംബങ്ങൾ ദുരിതത്തിലായി. കടലിൽനിന്ന് 250 മീറ്റർ അകലെയുള്ള തോടാണ് മണ്ണ് മൂടിയത്. വെളിയങ്കോട് പ്രദേശത്തെ മഴവെള്ളം പൊന്നാനി പുഴയിലേക്ക് ഒഴുക്കിവിടുന്ന തോടാണിത്.
രണ്ട് ദിവസമായി തുടരുന്ന ശക്തമായ കടലാക്രമണത്തിലാണ് തിരമാലകൾക്കൊപ്പമെത്തിയ മണൽ തോട് മൂടിയത്. പ്രദേശത്തെ വീടുകൾക്ക് മുന്നിലും കടലിൽ നിന്നുള്ള മണൽ വന്ന് മൂടി മണൽക്കൂന രൂപപ്പെട്ടിട്ടുണ്ട്. ഇരുപതോളം വീടുകളിൽ വെള്ളവും മണലും കയറി താമസയോഗ്യമല്ലാതായി. ഇതിൽ നിരവധിപേർ ബന്ധുവീടുകളിലേക്ക് താമസം മാറി. കടൽഭിത്തിയില്ലാത്തതാണ് കടലാക്രമണത്തിന്റെ ശക്തി വർധിക്കാൻ ഇടയാക്കിയതെന്ന് പ്രദേശവാസികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.