പൊന്നാനി: ജില്ലയില്‍ നിലവിൽ പ്രവർത്തിക്കുന്ന യന്ത്രവത്കൃത ട്രോൾ ബോട്ടുകളുടെയും ഇൻബോർഡ് വള്ളങ്ങളുടെയും ഭൗതിക പരിശോധന ട്രോളിങ് നിരോധന കാലയളവിൽ നടത്തുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ‘റിയൽ ക്രാഫ്റ്റ്’ സോഫ്റ്റ്വെയർ വഴിയാണ് മത്സ്യബന്ധന യാനങ്ങളുടെ രജിസ്ട്രേഷനും ലൈസൻസും അനുവദിക്കുന്നത്.
അപകടത്തിൽപ്പെട്ടും കാലപ്പഴക്കം വന്നും പ്രവർത്തനരഹിതമായ യാനങ്ങൾ, മറ്റു സംസ്ഥാനങ്ങളിലേക്ക് വിറ്റുപോയ യാനങ്ങൾ തുടങ്ങിയവ റിയൽ ക്രാഫ്റ്റ് സോഫ്റ്റ്വെയറിന്റെ ഫ്ലീറ്റിൽനിന്ന് യഥാസമയം ഒഴിവാക്കാത്തതിനാൽ യഥാർഥത്തിലുള്ളതിനേക്കാൾ കൂടുതൽ എണ്ണമാണ് സോഫ്റ്റ്വെയറിൽ കാണിക്കുന്നത്. ഇത് പദ്ധതി നിർവഹണത്തിന് തടസ്സമാകുന്നുണ്ട്.
സംസ്ഥാനത്ത് തീരസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഈ പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. ഇതു മുൻനിർത്തിയാണ് എണ്ണം കണക്കാക്കാൻ കൃത്യമായ പരിശോധന നടത്തുന്നത്.ഇത്തരത്തിൽ ഭൗതിക പരിശോധന നടത്തി മാത്രമേ യന്ത്രവത്കൃത ട്രോൾ ബോട്ടുകളും ഇൻബോർഡ് വള്ളങ്ങളും ട്രോളിങ് നിരോധനത്തിനു ശേഷം കടലിൽ ഇറക്കാവൂ.എല്ലാ ബോട്ടുടമകളും പരിശോധനയുമായി സഹകരിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.