പൊ​ന്നാ​നി അ​ഗ്നി​ര​ക്ഷാ​നി​ല​യം

മതിയായ ജീവനക്കാരും വാഹനങ്ങളുമില്ല; താളംതെറ്റി പൊന്നാനി അഗ്നിരക്ഷാസേന

പൊന്നാനി: ജില്ലയിൽതന്നെ ഏറ്റവും കൂടുതൽ സേവനപരിധിയുള്ള പൊന്നാനി ഫയർ സ്റ്റേഷനിൽ ആവശ്യത്തിന് ജീവനക്കാരില്ലാതെ ദൈനംദിന പ്രവർത്തനങ്ങൾ താളംതെറ്റുന്നു. കുറ്റിപ്പുറം പാലം മുതൽ തൃശൂർ ജില്ല അതിർത്തിയായ കോലിക്കര വരെയും പാലക്കാട് ജില്ല അതിർത്തിയായ നീലിയാടുവരെയും തൃശൂർ ജില്ലയിലെ മന്ദലാംകുന്ന് വരെയും പരിധിയുള്ള ഓഫിസിലാണ് നാമമാത്ര ജീവനക്കാരുള്ളത്. 42 ജീവനക്കാർ വേണ്ടിടത്ത് ഇപ്പോൾ വിരലിലെണ്ണാവുന്ന ജീവനക്കാർ മാത്രമാണുള്ളത്.

സ്റ്റേഷൻ ഓഫിസറും അസി. സ്റ്റേഷൻ ഓഫിസറുമുണ്ടെങ്കിലും നാല് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാർ വേണ്ടിടത്ത് മൂന്നുപേർ മാത്രമാണുള്ളത്. അഗ്നിബാധയോ മറ്റ് അപകടങ്ങളോ ഉണ്ടായാൽ രക്ഷാപ്രവർത്തനം നടത്തേണ്ട ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരുടെ വലിയ കുറവാണ് സ്റ്റേഷന്‍റെ സുഗമപ്രവർത്തനത്തെ കാര്യമായി ബാധിക്കുന്നത്. 24 ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാർ വേണ്ടിടത്ത് 16 പേർ മാത്രമാണുള്ളത്. ഇതിൽ രണ്ടുപേർ അവധിയിലുമാണ്. നേരത്തേ ഒമ്പത് ഡ്രൈവർമാർ ഉണ്ടായിരുന്ന സ്റ്റേഷനിലെ രണ്ട് തസ്തിക വെട്ടിക്കുറച്ച് ഏഴുപേർ മാത്രമായി.

എന്നാൽ, സ്ഥലംമാറ്റത്തെ തുടർന്ന് നിലവിൽ മൂന്ന് ഡ്രൈവർമാർ മാത്രമാണ് ഉള്ളത്. അഗ്നിരക്ഷാസേനക്ക് സഹായമായി പ്രവർത്തിക്കുന്ന ഹോംഗാർഡ് നാലുപേർ മാത്രമാണ്. പതിനഞ്ചോളം പേർക്കാണ് ഇത്തവണ സ്ഥലം മാറ്റമുണ്ടായത്. എന്നാൽ, പകരം ജീവനക്കാരെ നിയമിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ജീവനക്കാർ കുറവുള്ള ഇടങ്ങളിലേക്ക് വർക്കിങ് അറേഞ്ച്മെന്‍റിൽ ജീവനക്കാരെ നിയമിക്കാറുണ്ടെങ്കിലും പൊന്നാനി സ്റ്റേഷനിലേക്ക് ഇതും നടപ്പാകുന്നില്ല.

ജീവനക്കാരുടെ കുറവ് സംബന്ധിച്ച് അധികൃതർ ജില്ല ഓഫിസർക്ക് പരാതി നൽകിയിട്ടും നടപടിയില്ല. കാലപ്പഴക്കമേറിയ വാഹനങ്ങളാണെന്നതും പ്രതിസന്ധിയാകുന്നു. ദേശീയ, സംസ്ഥാന പാതകളിൽ അപകടം നിത്യസംഭവമാകുമ്പോൾ ഓടിയെത്തേണ്ട അഗ്നിരക്ഷാസേനക്ക് എമർജൻസി റെസ്ക്യൂ വെഹിക്കിളില്ലാത്തതും പ്രയാസം സൃഷ്ടിക്കുകയാണ്.

Tags:    
News Summary - insufficient staff and vehicles; Crisis in the Ponnani Fire Rescue Service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.