പൊന്നാനി: താലൂക്കിൽ ശുദ്ധജലമെത്തിക്കുന്നതിന്റെ ഭാഗമായുള്ള ജൽജീവൻ മിഷൻ പദ്ധതിയുടെ പൈപ്പുകൾ എത്തിത്തുടങ്ങി. റോഡ് പൊളിക്കാൻ ദേശീയപാത അധികൃതരുടെ അനുമതി ലഭിച്ചാലുടൻ പൈപ്പിടൽ പ്രവൃത്തിക്ക് തുടക്കമാകും.ഫെബ്രുവരി ഒന്നിന് പ്രവൃത്തി ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ദേശീയപാത വിഭാഗത്തിന്റെ അനുമതി വൈകിയത് പ്രവൃത്തി നീളാനിടയാക്കി.
നരിപ്പറമ്പ് മുതൽ കുണ്ടുകടവ് ജങ്ഷൻ വരെ 4.8 കിലോമീറ്റർ ദൂരം റോഡിന്റെ വലതു ഭാഗത്തെ രണ്ട് മീറ്റർ വീതിയിലാണ് ആദ്യഘട്ടത്തിൽ പൊളിച്ച് പൈപ്പിടുന്നത്. ചമ്രവട്ടം ജങ്ഷനിൽ ദേശീയപാത നിർമാണത്തോടൊപ്പംതന്നെ പൈപ്പിടൽ പ്രവൃത്തിയും നടത്തും. പൊന്നാനി നഗരസഭക്ക് പുറമെ മാറഞ്ചേരി, വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകളിലേക്കുൾപ്പെടെ യഥേഷ്ടം ശുദ്ധജലമെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
നരിപ്പറമ്പ് പമ്പ് ഹൗസ് മുതൽ കുണ്ടുകടവ് ജങ്ഷൻ വരെ പൈപ്പിടാൻ 20 കോടി രൂപയാണ് ചെലവ്. റോഡ് റബറൈസിങ്ങും ഇതിൽ ഉൾപ്പെടും. താലൂക്കിൽ മൂന്ന് ടാങ്കുകൾ വഴിയാണ് ജലവിതരണം നടക്കുക. പൊന്നാനി ഭാഗത്ത് 700 എം.എം വ്യാസത്തിലുള്ള പൈപ്പും കുണ്ടുകടവ് മുതൽ 350 എം.എം വ്യാസത്തിലുള്ള പൈപ്പും സ്ഥാപിക്കും. പൈപ്പ് സ്ഥാപിക്കുമ്പോൾ പൊളിക്കുന്ന റോഡുകൾ പുനർനിർമിക്കാൻ മാത്രം ഏകദേശം 25 കോടി രൂപയാണ് ചെലവ്.
പ്രവൃത്തി ആരംഭിക്കുമ്പോൾ ചമ്രവട്ടം ജങ്ഷൻ നരിപ്പറമ്പ് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ആന്ധ്ര ആസ്ഥാനമായുള്ള കോയ ആൻഡ് കമ്പനിക്കാണ് നിർമാണ ചുമതല. പതിറ്റാണ്ടുകൾ പഴക്കമുള്ള പൈപ്പുകളാണ് നിലവിൽ റോഡുകൾക്കടിയിലൂടെ കടന്നുപോകുന്നത്. കാലപ്പഴക്കംമൂലം ഇവ പൊട്ടുന്നത് തുടർക്കഥയാണ്.ഇവ അറ്റകുറ്റപ്പണി നടത്താൻ റോഡ് വെട്ടിപ്പൊളിച്ചിടുന്നത് പലപ്പോഴും അപകടങ്ങൾക്കും ഇടവരുത്തുന്നു. ഇതേതുടർന്നാണ് ജൽജീവൻ മിഷൻ പദ്ധതി വേഗത്തിലാക്കാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.