കോടമ്പിയേ റഹ്മാൻ

വിടവാങ്ങിയത് പത്രപ്രവർത്തകരിലെ മികച്ച എഴുത്തുകാരൻ 

പൊന്നാനി: തീക്ഷണമായ ജീവിതാനുഭവങ്ങളെ കരുത്തുള്ള എഴുത്താക്കിമാറ്റിയ പത്രപ്രവർത്തകനായിരുന്നു  അന്തരിച്ച കോടമ്പിയേ റഹ്മാൻ. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. പൊന്നാനി അങ്ങാടിയിലെ യാഥാസ്ഥിതികമായ ജീവിത പരിസരത്തു നിന്നും എഴുത്തിൻ്റെ വഴിയെ നെഞ്ചോടു ചേർത്ത പഴയകാല മാധ്യമ പ്രവർത്തകൻ കൂടിയായിരുന്നു കോടമ്പി എന്ന് നാട്ടുകാർ വിളിച്ച കോടമ്പിയേ റഹ്മാൻ.

എഴുത്തിനെ സാമൂഹ്യ പരിസരങ്ങളോട് ചേർത്തുവെക്കുന്നതിൽ കണിശത പുലർത്തിയ എഴുത്തുകാരൻ കൂടിയായിരുന്നു അദ്ദേഹം. കണ്ടും, അറിഞ്ഞും, അനുഭവിച്ചും ബോധ്യം വന്ന ജീവിതങ്ങളോടുള്ള ആവിഷ്ക്കാരമായിരുന്നു എഴുത്തുകളൊക്കെയും. ഒറ്റയാൻ മുതൽ വിശ്വവിഖ്യാതനായ ബഷീർ വരെ പത്തോളം പുസ്തകങ്ങൾ കോടമ്പിയേ റഹ്മാൻ്റെതായുണ്ട്. എല്ലാം കണ്ടറിഞ്ഞ ജീവിതങ്ങളെ കുറിച്ചായിരുന്നു. ആദ്യ പുസ്തമായ ഒറ്റയാൻ വലിയ വിവാദങ്ങൾക്ക് കാരണമായി. ഇതേതുടർന്ന് ഒളിവുജീവിതം നയിക്കവേ എതിർപ്പുകളെ എഴുത്തിൻ്റെ ശക്തിയാക്കി മാറ്റുന്നതിൽ അദ്ദേഹം വിജയിച്ചിരുന്നു.

വൈക്കം മുഹമ്മദ് ബഷീറുമായി ഹൃദയബന്ധം കാത്തു സൂക്ഷിച്ചിരുന്ന ഇദ്ദേഹത്തിൻ്റെ ഓർമ്മകളാണ് വിശ്വവിഖ്യാതനായ ബഷീർ എന്ന പുസ്തകം. ബഷീര്‍ മനസ്സ്​ നിറക്കൂട്ടുകളൊന്നുമില്ലാതെ അവതരിപ്പിക്കുന്ന പുസ്തകം കൂടിയാണിത്.

പ്രാഥമിക വിദ്യാഭ്യാസം മാത്രമാണ് നേടാനായതെങ്കിലും പരന്ന വായനയും ഉയർന്ന ചിന്തയും കോടമ്പിയേ റഹ്മാനെ എഴുത്തിൻ്റെ മേഖലയിൽ വ്യത്യസ്തനാക്കി. പൊന്നാനിയിലെ ആദ്യകാല പത്രപ്രവർത്തകരിൽ ഒരാളാണ്. ചന്ദ്രികയിൽ കുറഞ്ഞ കാലം പത്രപ്രവർത്തകനായി. കൽപ്പക നാട് എന്ന പ്രസിദ്ധീകരണം സ്വന്തമായി പുറത്തിറക്കി. 1980കളിലായിരുന്നു അത്. ബഷീറും, ഉറൂബും, ഇടശ്ശേരിയും ഇതിലെ സ്ഥിരം എഴുത്തുകാരായിരുന്നു. 1985ൽ കൽപ്പകനാട് സായാഹ്ന പത്രമായി മാറി. വൈക്കം മുഹമ്മദ് ബഷീറാണ് പത്രം പ്രകാശനം ചെയ്തത്. ദീർഘകാലം പൊന്നാനിയുടെ മുഖമായി കൽപ്പകനാട് മാറി. പത്രത്തിൻ്റെ ജീവനാഡി കോടമ്പിയായിരുന്നു. മത, സാമൂഹ്യ, രാഷ്ട്രീയ രംഗത്തും ഇദ്ദേഹം സജീവമായിരുന്നു. പുതുതലമുറയിലെ പൊന്നാനിക്കാർ ഏറെ ആഘോഷിക്കാതെ പോയ എഴുത്തുകാരൻ കൂടിയാണ് ഇദ്ധേഹം.

Tags:    
News Summary - Kodambiye Rahman one of the Best Writer among Journalists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.