പൊന്നാനി: മലബാറിന്‍റെ ജലോത്സവമായ ബിയ്യം കായല്‍ വള്ളംകളി മത്സരം സെപ്റ്റംബര്‍ ഒമ്പതിന് ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിൽ നടക്കും. 'മാധ്യമം' വാർത്തയുടെ അടിസ്ഥാനത്തിൽ ജില്ല ടൂറിസം സെക്രട്ടറി ഓൺലൈൻ യോഗം വിളിച്ചു.
നടത്തിപ്പിനാവശ്യമായ തുക കണ്ടെത്താൻ തദ്ദേശസ്ഥാപനങ്ങളുടെ വിഹിതവും സ്വകാര്യ വ്യക്തികളുടെ സഹായവും ലഭ്യമാക്കാനാണ് പ്രാഥമിക ധാരണയായത്.
ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് പൊന്നാനി താലൂക്ക് ഓഫിസിൽ സംഘാടക സമിതി യോഗം ചേരും. ജില്ലയിലെ ടൂറിസം വാരാഘോഷ പരിപാടികൾ സെപ്റ്റംബർ ആറ് മുതൽ 12 വരെയുള്ള തീയതികളിലും നടക്കും. മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷമാണ് വള്ളംകളി മത്സരം നടക്കുന്നത്. മത്സരം ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിൽ നടക്കുമെന്ന പ്രതീക്ഷയിലായിരുന്നു ടീമുകൾ.
എന്നാൽ, ജില്ലതലത്തിൽ നിന്ന് ഓണം ടൂറിസം വാരാഘോഷ പരിപാടികൾ നടത്തുന്നതുമായി ബന്ധപ്പെട്ട് ഒരറിയിപ്പും താലൂക്ക് ഓഫിസിൽ ലഭിച്ചിരുന്നില്ല. ഒരാഴ്ച മാത്രം ശേഷിക്കെ ടൂറിസം വാരാഘോഷ പരിപാടികളെക്കുറിച്ച് അറിയിപ്പ് ലഭിക്കാത്തതിനാൽ സർക്കാർ ഫണ്ട് ലഭ്യമാവില്ലെന്ന ആശങ്ക നിലനിന്നിരുന്നു.
തുടർന്നാണിപ്പോൾ അവിട്ടം നാളിൽ ജലോത്സവം നടത്താൻ തീരുമാനമായത്. വള്ളംകളി മത്സരത്തിനുള്ള പരിശീലനം നേരത്തെ തന്നെ ടീമുകൾ തുടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.