പൊന്നാനി: പൊന്നാനി നിള പൈതൃക മ്യൂസിയത്തിന്റെ തടസ്സങ്ങൾ നീക്കി മുന്നോട്ട് പോകുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പ്രവൃത്തി ആരംഭിച്ച് ഏഴ് വർഷം പിന്നിട്ടിട്ടും പൂർത്തീകരിക്കാതെ കിടക്കുന്ന മ്യൂസിയത്തിന്റെ അവസ്ഥയെക്കുറിച്ച് ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാർത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
പദ്ധതിയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ പരിശോധിച്ചുവരികയാണ്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നല്ല നിലയിൽ നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. തടസ്സങ്ങൾ പൂർണമായി നീക്കിയതിന് ശേഷമേ ഉദ്ഘാടനം നടക്കൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2016ലാണ് മ്യൂസിയം നിര്‍മാണം ആരംഭിച്ചത്. എന്ന് പൂർത്തീകരിക്കുമെന്ന് നിർമാണ കമ്പനിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റിങ് സൊസൈറ്റിക്കും ഉറപ്പില്ലാത്ത സ്ഥിതിയാണ്. നിള തീരത്തെ സൈനുദ്ദീൻ മഖ്ദൂമും എഴുത്തച്ഛനും പൂന്താനവുമുൾപ്പെടെയുള്ള സമ്മിശ്ര ഭാവങ്ങളുടെ സങ്കലനം പുതുതലമുറക്ക് അനുഭവവേദ്യമാകുമെന്നാണ് പറയുന്നതെങ്കിലും നിർമാണം നിലച്ച മട്ടാണ്. ഖവ്വാലി കോർണറിനായി പഴയകാല പായ്കപ്പൽ മാതൃക സൃഷ്ടിച്ചെങ്കിലും പായ്ക്കപ്പൽ മാതൃക തുരുമ്പെടുത്ത് നശിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.