പൊന്നാനി: 'മാധ്യമം' വാർത്ത തുണയായി, ദുരിതാശ്വാസ ക്യാമ്പിൽനിന്ന് മൊയ്തീൻ കുട്ടിയും കുടുംബവും വാടക വീട്ടിലേക്ക് മാറും. പി.സി.ഡബ്ല്യൂ.എഫ് വീട്ടുവാടക നൽകാൻ തയാറായതോടെയാണ് കുടുംബം വാടക വീട്ടിലേക്ക് മാറുന്നത്. കടൽക്ഷോഭത്തെ തുടർന്ന് വീട് നഷ്ടപ്പെട്ട് ക്യാമ്പിൽ കഴിയുന്ന രോഗിയായ ആലിക്കുട്ടിൻറ മൊയ്തീൻ കുട്ടിക്കും കുടുംബത്തിനുമാണ് സ്വസ്ഥമായി തല ചായ്ക്കാൻ ഇടമൊരുങ്ങുന്നത്.
പൊന്നാനി എം.ഇ.എസ് ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ ഒരു മാസത്തിലധികമായി കഴിയുന്ന ഇവരുടെ ദുരവസ്ഥ 'മാധ്യമം' കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചിരുന്നു. ഇതേതുടർന്നാണ് ഇവരെ വാടക വീട്ടിലേക്ക് മാറ്റുന്നതിനുള്ള സഹായവുമായി പൊന്നാനിയിലെ സന്നദ്ധ സംഘടനയായ പൊന്നാനി കൾചറൾ വേൾഡ് ഫൗണ്ടേഷൻ വിഷയത്തിൽ ഇടപെട്ടത്. നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറത്തിെൻറ നേതൃത്വത്തിൽ പി.സി.ഡബ്ല്യൂ.എഫ് അംഗങ്ങൾ മൊയ്തീൻ കുട്ടിയെ സന്ദർശിച്ചു. കഴിഞ്ഞദിവസം പൊന്നാനി നഗരസഭയുടെ നേതൃത്വത്തിൽ കട്ടിലും എയർബെഡും നൽകിയിരുന്നു.
മത്സ്യത്തൊഴിലാളിയായ മൊയ്തീൻ കുട്ടി രക്തസമ്മർദത്തെത്തുടർന്ന് 13 വർഷം മുമ്പാണ് കിടപ്പിലായത്. ഇതോടെ ഈ കുടുംബം ഏറെ ദുരിതത്തിലായി. മത്സ്യത്തൊഴിലാളിയായ ഏകമകെൻറ വരുമാനം കൊണ്ട് കഴിഞ്ഞുകൂടിയിരുന്ന കുടുംബത്തിെൻറ വീട് പൂർണമായും കടലെടുത്തു. പുനർഗേഹം പദ്ധതിയിൽ ഉൾപ്പെട്ടതിനാൽ ഇവർക്കുള്ള വീട് നിർമ്മിച്ചു നൽകുന്നതിനുള്ള നടപടികളും വേഗത്തിലാക്കും. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഒ.ഒ. ശംസു, പി.സി.ഡബ്ല്യൂ.എഫ് ഭാരവാഹികളായ സി.വി. നവാസ്, ടി.വി. സുബൈർ എന്നിവരും സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.