മാറഞ്ചേരി: തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളുടെ ജയവും തോൽവിയും പന്തയംവെച്ച് പണം സമ്പാദിക്കുന്നവർക്ക് വേറിട്ട മാതൃക സൃഷ്ടിച്ചിരിക്കുകയാണ് മാറഞ്ചേരിയിലെ നാസർ മാസ്റ്റർ. മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡായ താമലശ്ശേരിയിൽ ജനകീയ റോഡ് വികസനത്തിന് പന്തയംവെച്ച് ലഭിച്ച തുക കൈമാറിയാണ് ഇദ്ദേഹം മാതൃകയായത്.
ഒമ്പതാം വാർഡിൽ എൽ.ഡി.എഫ് ജയിക്കുമെന്ന് നാസർ മാസ്റ്ററും യു.ഡി.എഫ് വിജയിക്കുമെന്ന് ഷുക്കൂർ മഞ്ഞിങ്ങലുമാണ് പന്തയംവെച്ചത്. ആര് ജയിച്ചാലും പന്തയത്തിൽ ലഭിക്കുന്ന പണം റോഡ് നിർമാണ പ്രവർത്തനങ്ങൾക്കായി നൽകുമെന്നായിരുന്നു ഇരുവരുടെയും വാദം. വാർഡിൽനിന്ന് വിജയിച്ചത് എൽ.ഡി.എഫ് സ്ഥാനാർഥി സുഹ്റ ഉസ്മാനായിരുന്നു. തുടർന്ന് സത്യപ്രതിജ്ഞ ചടങ്ങിനിടെ പന്തയ തുകയായ 10,000 രൂപ നാസർ മാസ്റ്റർ സുഹ്റ ഉസ്മാനെ ഏൽപിച്ചു. ലഭിച്ച പണം റോഡ് വികസന സമിതി ട്രഷറർക്ക് ഗ്രാമപഞ്ചായത്ത് അംഗം ചടങ്ങിൽ കൈമാറി.
താമലശ്ശേരിയിൽ സർക്കാർ ഫണ്ടുപയോഗിക്കാതെ പ്രദേശത്തെ ജനങ്ങൾ ചേർന്ന് സമാഹരിച്ച തുക ഉപയോഗിച്ചാണ് റോഡ് നിർമിക്കുന്നത്. പ്രദേശവാസികൾ വിട്ടുനൽകിയ സ്ഥലത്ത് ആറ് മീറ്റർ റോഡാണ് നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.