ദേശീയപാത വികസനം: വെറുംകൈയോടെ കുടിയിറക്കപ്പെടുന്ന കുടുംബങ്ങൾ കണ്ണീർക്കയത്തിൽ

പുതുപൊന്നാനി: പട്ടയമില്ലാത്തതിനാൽ റോഡ് വികസന ഭാഗമായി വെറുംകൈയോടെ കുടിയിറക്കപ്പെടുമെന്ന ഭീതിയിലാണ് പുതുപൊന്നാനി പാലത്തിന് താഴെ പുഴ പുറമ്പോക്കിൽ താമസിക്കുന്ന നാല് കുടുംബങ്ങൾ. അടുത്തദിവസംതന്നെ വീടൊഴിയണമെന്ന നിർദേശം ലഭിച്ചതോടെ എങ്ങോട്ടുപോകുമെന്നറിയാതെ പ്രതിസന്ധിയിലാണ് ഈ കുടുംബങ്ങൾ.

ദേശീയപാത വികസന ഭാഗമായി സ്ഥലമേറ്റെടുക്കൽ പ്രവൃത്തികൾ പൊന്നാനി വില്ലേജ് പരിധിയിൽ പുരോഗമിക്കുന്നതിനിടെയാണ് പുഴ പുറമ്പോക്കിൽ കാലങ്ങളായി താമസിക്കുന്ന കുടുംബങ്ങളോട് ഒഴിയാൻ അധികൃതർ നിദേശിച്ചത്. ഭൂമി ഏറ്റെടുക്കുമ്പോൾ ന്യായവില ലഭിച്ച് കുടുംബങ്ങൾ മാറാനൊരുങ്ങുമ്പോൾ ഇവർക്ക് മുന്നിൽ ശൂന്യത മാത്രമാണ്. പുതുപൊന്നാനി പാലത്തിന്‍റെ വടക്ക് ഭാഗത്ത് പൊന്നാനി നഗരപരിധിയിൽ താമസിക്കുന്ന ചെക്കന്റകത്ത് ആയിഷ, ചന്തക്കാരന്റെ സുബൈദ, പാലത്തിന് തെക്ക് ഭാഗത്ത് വെളിയങ്കോട് പഞ്ചായത്ത് പരിധിയിലെ തോണിക്കടയിൽ ജബ്ബാർ, ഇവരുടെ അയൽവാസി എന്നിവരാണ് നഷ്ടപരിഹാരമില്ലാതെ കുടിയൊഴിയേണ്ടി വരുന്നത്.

പട്ടയത്തിനായി ഈ കുടുംബങ്ങൾ മുട്ടാത്ത വാതിലുകളില്ല. നൽകാത്ത നിവേദനങ്ങളില്ല. അദാലത്തുകളിലും ഓഫിസുകളിലും പലതവണ കയറിയിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. വിധവയായ ചെക്കന്റകത്ത് ആയിഷയും കുടുംബവും ഏറെ ദുരിതത്തിലാണ് കഴിയുന്നത്.

ആയിഷയുടെ പേരക്കുട്ടികളിൽ മൂന്നുപേർ ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലം ചികിത്സയിൽ കഴിയുന്നതിനിടെയാണ് ആകെയുള്ള കൂര വിട്ട് ഇവർ തെരുവിലേക്കിറങ്ങേണ്ടിവരുന്നത്.

മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽപെട്ട നാലുവീട്ടുകാരും പട്ടിണിയിലും പരിവട്ടത്തിലും കഴിയുന്നതിനിടെയാണ് കാലങ്ങളോളമായി താമസിച്ച ഭൂമിയും നഷ്ടമാകുന്നത്. 25 വർഷത്തിലധികമായി താമസിക്കുന്ന വീടുകളാണ് നഷ്ടമാകുന്നത്.മഴക്കാലത്ത് പുഴയിൽനിന്നുള്ള വെള്ളം കയറി പ്രയാസമനുഭവിക്കുമ്പോഴും അന്തിയുറങ്ങാൻ കൂരയുണ്ടെന്നതായിരുന്നു ഇവരുടെ ആശ്വാസം. എന്നാൽ, ദേശീയപാത വികസന ഭാഗമായി ഇതും നഷ്ടമാവുമെന്ന സങ്കടത്തിലാണ് കുടുംബങ്ങൾ.

Tags:    
News Summary - National Highway Development: Families evicted empty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.