പൊന്നാനി: വില്ലേജ് ഓഫിസറായി പ്രവർത്തിക്കാൻ ആരും തയാറാവാതിരുന്ന പൊന്നാനി നഗരം വില്ലേജ് ഓഫിസിൽ ഒടുവിൽ പുതിയ ഓഫിസറെത്തി. പൊന്നാനി താലൂക്ക് ഓഫിസിലെ ഹെഡ് ക്ലർക്ക് ആർ. ദീപുരാജാണ് നിയമിതനായത്. വില്ലേജ് ഓഫിസറില്ലാത്തത് സംബന്ധിച്ച് ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
നേരത്തേ ഉണ്ടായിരുന്ന ഓഫിസർ ദീർഘാവധിയിൽ പോയതോടെയാണ് തസ്തിക ഒഴിഞ്ഞത്. പകരം ആളെ നിയമിക്കണമെന്നാവശ്യപ്പെട്ട് തഹസിൽദാർ കലക്ടർക്ക് കത്ത് നൽകുകയും എം.എൽ.എ നിർദേശം നൽകുകയും ചെയ്തിരുന്നു. പുതിയ അറേഞ്ച്മെന്റിൽ ഓഫിസറെ നിയമിക്കാനായിരുന്നു തീരുമാനം. എന്നാൽ, പൊതുജനങ്ങളുടെ പ്രയാസം വർധിച്ചതോടെ പ്രതിഷേധം ശക്തമായി. തുടർന്ന് കലക്ടർ അടിയന്തര ഇടപെടൽ നടത്തി ദീപുരാജിനെ നിയമിക്കുകയായിരുന്നു. കാലങ്ങളായി വില്ലേജ് ഓഫിസിൽ ജോലി ചെയ്യേണ്ടവരെ താലൂക്ക് ഓഫിസിൽ ഹെഡ് ക്ലർക്ക് തസ്തികയിൽ ജോലി ചെയ്യിക്കുന്നുവെന്ന പരാതി ഉണ്ടായിരുന്നു.
കടലാക്രമണത്തിൽ സംസ്ഥാനത്ത് വലിയ നാശം സംഭവിച്ച പ്രദേശത്തെ വില്ലേജ് ഓഫിസിലാണ് ഓഫിസറില്ലാത്ത സ്ഥിതിയുണ്ടായിരുന്നത്. സമീപത്തെ ഓഫിസർക്ക് അധികചുമതല നൽകിയിരിക്കുകയായിരുന്നു. വലിയ വില്ലേജായതിനാൽ ജോലിഭാരം കാരണം ഇവിടെ ചുമതലയേൽക്കുന്നവർ മാസങ്ങൾക്കകം സ്ഥലംമാറ്റം ചോദിച്ച് പോകുകയാണ്.
ചിലർ സംഘടന സ്വാധീനം ഉപയോഗിച്ചും സ്ഥലംമാറി പോകുന്നതായി ആക്ഷേപമുണ്ട്. ജീവനക്കാരുടെ കുറവ് കാരണം യഥാസമയം സേവനം നൽകാൻ കഴിയാതെ ഇവിടത്തെ ജീവനക്കാർ കുഴങ്ങുകയാണ്. 50,000 ലധികം പേരാണ് പൊന്നാനി നഗരം വില്ലേജ് ഓഫിസിന് കീഴിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.