പൊന്നാനി: അഞ്ച് വർഷം മുമ്പ് സ്വന്തം കെട്ടിടത്തിൽനിന്ന് കുടിയിറക്കപ്പെട്ട കടവനാട് ഗവ. എൽ.പി സ്കൂൾ വിദ്യാർഥികളുടെ ദുരിതാവസ്ഥക്ക് പരിഹാരമാകുന്നു. കേന്ദ്രാവിഷ്കൃത പദ്ധതിയായി പി.എം.ജെ.വി.കെ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന കെട്ടിട നിർമാണം അന്തിമഘട്ടത്തിലേക്ക് പ്രവേശിച്ചു. കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിന്റെയും ഒന്നാംനിലയുടെയും 90 ശതമാനം ജോലികളും പൂർത്തിയായി. ടൈൽ വിരിക്കൽ, വയറിങ്, പ്ലംബിങ് എന്നിവ മാത്രമാണ് പൂർത്തീകരിക്കാനുള്ളത്.
കൂടാതെ തൃക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ യു.പി കെട്ടിട നിർമാണവും അന്തിമ ഘട്ടത്തിലാണ്. ഇതും പ്രവൃത്തി പൂർത്തീകരിച്ച് അടുത്ത അധ്യയന വർഷം മുതൽ പ്രവർത്തനം ആരംഭിക്കും. പൊന്നാനി നഗരസഭയിലെ കടവനാട് സ്കൂൾ ഉൾപ്പെടെ മൂന്ന് സ്കൂളുകളുടെ നിർമാണം പാതിവഴിയിൽ നിലച്ചതിനാൽ കരാർ ഏജൻസിയെ മാറ്റി പകരം പുതിയ ടെൻഡർ നൽകിയാണ് നിർമാണം പൂർത്തീകരിച്ചത്. കടവനാട് സ്കൂൾ പൂർത്തീകരണത്തിന് 30 ലക്ഷം രൂപയും, തൃക്കാവ് സ്കൂൾ കെട്ടിട പൂർത്തീകരണത്തിന് 23 ലക്ഷം രൂപയുമാണ് ടെൻഡർ ലഭിച്ചത്.
നിരവധി തവണ കരാർ ഏജൻസിയായ എച്ച്.പി.എല്ലിനോട് സമയബന്ധിതമായി നിർമാണം പൂർത്തീകരിക്കാൻ നഗരസഭ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ഇതേ തുടർന്നാണ് ഏജൻസിയെ മാറ്റിയത്. ഏജൻസിയും കരാറുകാരും തമ്മിലുള്ള തർക്കമാണ് സ്കൂൾ കെട്ടിട നിർമാണം വൈകാനിടയായത്. നിർമാണം വൈകുന്നതിനാൽ കടവനാട് ഗവ. എൽ.പി സ്കൂൾ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.