പൊന്നാനി: സമ്പന്നമായ നിളയുടെ സംസ്കാരത്തെയും ഭാരതപ്പുഴയുടെ മടിത്തട്ടിലെ സാഹിത്യ-സാംസ്കാരിക-ശാസ്ത്രയിടങ്ങളെയും പുതുതലമുറക്ക് പകർന്നുനൽകുകയെന്ന ലക്ഷ്യത്തോടെ പൊന്നാനിയിൽ ഒരുങ്ങുന്ന നിള പൈതൃക മ്യൂസിയത്തിെൻറ അവസാനഘട്ട പ്രവൃത്തികള്‍ക്ക് നാലു കോടിയുടെ ഭരണാനുമതി.
ക്യൂറേഷന് പ്രവൃത്തികള്‍ അവസാന ഘട്ടത്തിലായ മ്യൂസിയത്തിെൻറ കാമ്പസ് പ്രവര്‍ത്തികളും ലാൻഡ് സ്കേപ്പിങും അടങ്ങിയ ഡി.പി.ആറിന് തിരുവനന്തപുരത്ത് ചേര്‍ന്ന ടൂറിസം വര്‍ക്കിങ് ഗ്രൂപ്പിലാണ് നാലുകോടിയുടെ അംഗീകാരം ലഭിച്ചത്. ഇതോടെ കര്‍മ്മ പുഴയോരപാത മുതല്‍ നിള മ്യൂസിയം വരെ ലാൻഡ് സ്കേപ്പ് ചെയ്ത കാമ്പസ്സും മതിലും കവാടവും ഒരുക്കും. മുറ്റത്ത് ഓപ്പണ്‍ ഓഡിറ്റോറിയവും ഖവ്വാലി പാര്‍ക്കുമുണ്ടാകും. മ്യൂസിയത്തിെൻറ പിന്‍വശം ഉള്‍പ്പെടെ മുഴുവന്‍ ഭാഗവും ഉപയോഗിക്കുന്ന തരത്തിലാണ് കാമ്പസ് രൂപകല്പന ചെയ്തിട്ടുള്ളത്. അതോടൊപ്പം കാമ്പസിെൻറ ഒരു ഭാഗത്ത് സ്വാഭാവിക വനം രൂപപ്പെടുത്തുന്ന 'മിയാവാക്കി ഫോറസ്റ്റും' ക്രമീകരിക്കും.
മ്യൂസിയം മാര്‍ച്ചിന് മുന്നേ തുറക്കാനുള്ള പരിശ്രമത്തിലാണ് ടൂറിസം വകുപ്പും പദ്ധതി ഏറ്റെടുത്തു നടത്തുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടേഴ്സ് സൊസൈറ്റിയും. നിളയുടെ ഉത്ഭവം തൊട്ട് കടലില്‍ ഒഴുകിയെത്തുന്നതുവരെയുള്ള നിള നദിയുടെ യാത്ര, നദീതട സാംസ്കാരിക അനുഭവങ്ങള്‍, നിളയുടെ തീരത്തെ നവോത്ഥാനവും ദേശീയ പ്രസ്ഥാന പോരാട്ടങ്ങളും, രാഷ്ട്രീയ മുന്നേറ്റം, ശാസ്ത്രം, മിത്തുകള്‍, എല്ലാം ഒഴുകിയെത്തുന്ന പൊന്നാനി എന്നീ വിഭാഗങ്ങളിലാണ് മ്യൂസിയത്തിലെ കാഴ്ച്ചകളൊരുക്കുക. നിളയുടെ തീരത്തെ സൈനുദ്ദീൻ മഖ്ദൂമും എഴുത്തച്ഛനും പൂന്താനവുമുൾപ്പെടെയുള്ള സമ്മിശ്ര ഭാവങ്ങളുടെ സങ്കലനം പുതുതലമുറക്ക് ഇവിടെ അനുഭവവേദ്യമാകും. പഴയകാല പായ്കപ്പൽ മാതൃക സൃഷ്ടിച്ചാണ് ഖവ്വാലി കോർണർ ഒരുക്കുന്നത്.
സ്പീക്കർ പി. ശ്രീരാമകൃഷ്ണെൻറ എം.എൽ.എ ആസ്തി വികസന ഫണ്ടില്‍ നിന്ന് രണ്ടര കോടിയും ടൂറിസം വകുപ്പില്‍ നിന്ന് അഞ്ചര കോടിയും ചെലവഴിച്ചാണ് മ്യൂസിയം നിര്‍മിച്ചത്. 2016ലാണ് നിര്‍മ്മാണം ആരംഭിച്ചത്. രണ്ടേക്കറില്‍ 17,000 ചതുരശ്ര അടിയില്‍ ഒരുങ്ങിയ മ്യൂസിയം ഭിന്നശേഷി സൗഹൃദവും കാഴ്ചാ പരിമിതര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന തരത്തിലുമാണ് നിര്‍മാണം. രാജ്യത്തെ ആദ്യ ബ്ലൈന്‍ഡ് ഫ്രീ മ്യൂസിയം കൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.