പൊന്നാനി: പുതുപൊന്നാനി എം.ഐ എജുക്കേഷൻ സിറ്റിക്കടുത്ത് നടപ്പാലം നിർമിക്കാൻ ദേശീയ പാത അതോറിറ്റി തീരുമാനം. എന്നാൽ നിർമാണത്തിന് വേണ്ട സ്ഥലം പൊന്നാനി നഗരസഭയോ, സ്വകാര്യ വ്യക്തികളോ വാങ്ങി നൽകണം. ഇരുവശത്തും മൂന്ന് സെന്റ് വീതം മൊത്തം ആറ് സെന്റ് സ്ഥലമാണ് നടപ്പാലത്തിനായി കൈമാറേണ്ടി വരിക. അഞ്ചര മീറ്റർ ഉയരത്തിലുള്ള നടപ്പാതയുടെ പടികൾക്ക് മൂന്ന് മീറ്റർ നീളമുണ്ടാകും. ദേശീയപാത നിർമാണം ഏറ്റെടുത്തിട്ടുള്ള കെ.എൻ.ആർ.സിക്കാണ് നടപ്പാതയുടെ നിർമാണ ചുമതല. 15 വർഷത്തെ അറ്റകുറ്റപണികൾ കെ.എൻ.ആർ.സി നേരിട്ട് നടത്തും. കൂടുതൽ അനുയോജ്യമെന്ന നിലയിൽ ലിഫ്റ്റോ എസ്കലേറ്ററോ നിർമിക്കാനും പദ്ധതിയുണ്ട്.
കടവനാട് മേഖലയിലെ 25000ത്തിലേറെ വരുന്ന താമസക്കാരേയും, അഞ്ച് വിദ്യാലയങ്ങളിലെ അറായിരത്തോളം വിദ്യാർഥികളേയും നേരിട്ട് ബാധിക്കുന്ന പ്രശ്നത്തിനുള്ള പരിഹാരമായാണ് പ്രദേശത്ത് നടപ്പാലം നിർമിക്കാനുള്ള തീരുമാനം.
ദേശീയ പാതയിലെ ആനപ്പടിക്കും വെളിയങ്കോടിനുമിടയിൽ 4.3 കിലോമീറ്ററിൽ അണ്ടർ പാസുകൾ ഇല്ലാത്തതിനാൽ ഈ മേഖലയിലുള്ളവർക്ക് റോഡ് മുറിച്ചു കടക്കാൻ ദീർഘദൂരം അധികം സഞ്ചരിക്കേണ്ട സ്ഥിതിയാണ്. പുതുപൊന്നാനി എം.ഐ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ബി.എഡ് കോളജ്, അറബിക് കോളജ്, എ.യു.പി സ്കൂൾ, ജി.എഫ്.യു.പി സ്കൂൾ, കടവനാട് ജി.എഫ്.എൽ.പി സ്കൂൾ, പുതുപൊന്നാനി ജി.എഫ്.എൽ.പി സ്കൂൾ തുടങ്ങിയവ ഈ മേഖലയിലാണ്. ദിനേന ആറായിരത്തോളം കുട്ടികളാണ് ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വന്നുപോകുന്നത്. കുട്ടികൾക്ക് സ്കൂളിലെത്താനും തിരിച്ചു പോകാനും റോഡ് മുറിച്ചു കടക്കൽ നിലവിലെ അവസ്ഥയിൽ ദുഷ്ക്കരമായിരിക്കും. ഈ സാഹചര്യത്തിലാണ് നടപ്പാലം നിർമിക്കാനുള്ള തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.